ബിഹാറില്‍ നിതിഷ് കുമാറിന് വിജയം സമ്മാനിച്ച പത്തു കാരണങ്ങള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (16:14 IST)
ബിഹാറില്‍ നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ബീഫും ദളിതര്‍ക്ക് എതിരെയുള്ള പരാമര്‍ശവും പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ആ‍യപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇറങ്ങിയിട്ടും ബിഹാറില്‍ ബി ജെ പി തോറ്റമ്പി. മൂന്നില്‍ രണ്ട്
ഭൂരിപക്ഷത്തോടെയാണ് നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം വിജയിച്ചത്. നിതീഷിന്റെ വിജയത്തിനുള്ള പത്തു കാരണങ്ങള്‍ ഇതാണ്.

1. നിതീഷ് കുമാറിന്റെ ജനകീയത

ബിഹാറിലെ ജനങ്ങള്‍ക്കിടയില്‍ നിതീഷ് കുമാറിനുള്ള സ്വീകാര്യതയും ജനകീയതയുമാണ് പ്രധാനകാരണം. ബിഹാറി വേണോ ബാഹറി വേണോ എന്ന ചോദ്യത്തിന് അതുകൊണ്ടു തന്നെ ജനം ‘ബിഹാറി’ എന്ന് വിധിയെഴുതി. തെരഞ്ഞെടുപ്പിനു മുമ്പു നടന്ന സര്‍വ്വേകളില്‍ ബിഹാറിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായി ജനം തെരഞ്ഞെടുത്തത് നിതീഷ് കുമാറിനെ ആയിരുന്നു. ലാലു പ്രസാദ് യാദവിന്റെ പിന്തുണ കൂടി ലഭിച്ചതോടെ വിജയം വളരെ എളുപ്പമായി. ഇതോടെ, ഹാട്രിക് വിജയം നേടിയ അധികാരത്തിലെത്തിയ നിതീഷ് കുമാറിന് ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയില്ലെന്നും മറ്റൊരു രാഷ്‌ട്രീയകാറ്റിനും അത് മാറ്റിമറിക്കാന്‍ കഴിയില്ലെന്നും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കിയിരിക്കുകയാണ്.

2. സംസ്ഥാന തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയങ്ങള്‍ ആയിരുന്നില്ല, നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് സംസ്ഥാനത്തെ വോട്ടര്‍മാരെ സ്വാധീനിച്ചത്. ദേശീയതലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളേക്കാള്‍ പ്രാദേശികമായ കാര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്കിയത്. തെരഞ്ഞെടുപ്പുഫലത്തില്‍ അത് വ്യക്തമാകുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിക്ക് വന്‍ വിജയം ഒരുക്കിക്കൊടുത്ത പ്രശാന്ത് കിഷോര്‍ ആയിരുന്നു നിതിഷ് കുമാറിന്റെ വിജയത്തിലേക്കുള്ള ചരടുവലികള്‍ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തെരഞ്ഞെടുപ്പായി രംഗം കൊഴുത്തപ്പോള്‍, ബിഹാറി വേണോ ബാഹറി വേണോ എന്നൊരു ചോദ്യം ബിഹാറിലെ ജനങ്ങള്‍ക്ക് മുമ്പിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍, ജനം ‘ബിഹാറി’ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

3. ആര്‍ എസ് എസ് തലവന്റെ വിവാദ പരാമര്‍ശം

ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് ജാതി സംബന്ധിച്ച് നടത്തിയ പരാമര്‍ശം വിവാദമായി. ജാതി അടിസ്ഥാനമാക്കി സംവരണം നിശ്ചയിക്കുന്ന രീതി മാറ്റണമെന്ന ആര്‍ എസ് എസ് അധ്യക്ഷന്റെ പരാമര്‍ശമാണ് വിവാദമായത്. ജാതീയതയ്ക്ക് ഏറെ വേരോട്ടമുള്ള മണ്ണണ് ബിഹാറിന്റേത്. ഇന്ത്യയിലെ ജനങ്ങള്‍ വോട്ട് ‘കാസ്റ്റ്’ ചെയ്യുകയല്ല, ‘കാസ്റ്റ്’ന് വോട്ട് ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് പിന്നോക്കക്കാരില്‍ നിന്ന് ഒരാളായിരിക്കും തെരഞ്ഞെടുപ്പിനു ശേഷം ബിഹാറില്‍ മുഖ്യമന്ത്രിയാകുക എന്ന് ബി ജെ പി പറഞ്ഞിരുന്നെങ്കിലും അത് ഏശിയില്ല.

4. ബി ജെ പിയോട് മുസ്ലിം ജനവിഭാഗത്തിനുള്ള അകല്‍ച്ച

ബിഹാറിലെ ജനസംഖ്യയില്‍ 15 % മുസ്ലിം ജനവിഭാഗമാണ്. പൊതുവെ ബി ജെ പിയുമായി അകന്നു നില്‍ക്കുന്ന മുസ്ലിം വിഭാഗം, ദാദ്രി പോലെയുള്ള സംഭവങ്ങളും ബീഫ് വിവാദവും കൂടെയായപ്പോള്‍ പൂര്‍ണമായും ബി ജെ പിയോട് അകന്നു.

5. ഒവൈസിയുടെ സാന്നിധ്യം ബി ജെ പിക്ക് നേട്ടമായില്ല

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അക്‌ബറുദ്ദീന്‍ ഒവൈസി, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദ് ഉല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമായി എത്തി. ബി ജെ പിക്ക് അത് നേട്ടമാകുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ഒവൈസി വോട്ടു പിടിച്ചാല്‍ അത് മഹാസഖ്യത്തിനുള്ള തിരിച്ചടിയാകുമായിരുന്നു. എന്നാല്‍, അത് ഉണ്ടായില്ല.

6. കോണ്‍ഗ്രസ് നിറ സാന്നിധ്യമാകാതിരുന്നത് നേട്ടമായി

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആയിരിക്കും പ്രധാനമായും ആരോപണം ഉന്നയിക്കുക. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. ബി ജെ പി ആയിരുന്നു എല്ലാവര്‍ക്കും പ്രധാന എതിരാളികള്‍.

7. മോഡി പ്രഭാവത്തിനേറ്റ മങ്ങല്‍ നേട്ടമായി

ലോക്‌സഭ തെരഞ്ഞെടുപ്പ് 2014ല്‍ നടക്കുമ്പോള്‍ മോഡിയുടെ പ്രഭാവം വലുതായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പദത്തില്‍ ഒന്നരവര്‍ഷം പൂര്‍ത്തിയാക്കിയ മോഡിയുടെ ‘മോടി’ക്ക് ഉണ്ടായ മങ്ങല്‍ ബിഹാറില്‍ പ്രതിഫലിച്ചു. ഇത് നേട്ടമാക്കാന്‍ നിതീഷ് കുമാറിനും മഹാസഖ്യത്തിനും സാധിച്ചു.

8. പ്രാദേശിക നേതൃത്വം ബി ജെ പിക്ക് ഇല്ലാതെ പോയത്

തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. ബി ജെ പിയെ വിജയിപ്പിക്കൂ, മുഖ്യമന്ത്രിയെ തരാം എന്നായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. എന്നാല്‍, മോഡി പറഞ്ഞത് കേള്‍ക്കാന്‍ ബിഹാര്‍ തയ്യാറായില്ല.

9. കേന്ദ്രമന്ത്രി വി കെ സിംഗിന്റെ വിവാദപ്രസ്താവന

ഹരിയാനയില്‍ ദളിത് കുടുംബത്തിന് തീ വെച്ച് കുടുംബത്തിലെ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി വി കെ സിംഗ് നടത്തിയ പ്രസ്താവനയും ബി ജെ പിക്ക് തിരിച്ചടിയായി. ഏതെങ്കിലും നായയെ കല്ലെടുത്തെറിഞ്ഞാല്‍ അതിന്റെയും ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കില്ല എന്നായിരുന്നു വിവാദപ്രസ്താവന. സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ കേന്ദ്രീകരിച്ച് ദളിതര്‍ക്കെതിരെയുള്ള ഈ പ്രസ്താവന മുതലെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞു.

10. വാതിലുകളില്‍ മുട്ടിയുള്ള പ്രചരണം

ബി ജെ പി നേതാക്കള്‍ വലിയ തെരഞ്ഞെടുപ്പു റാലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സൈക്കിള്‍ എടുത്ത് ജനങ്ങളെ കാണാന്‍ ഇറങ്ങി പുറപ്പെട്ടു നിതീഷിന്റെ അണികള്‍. ഓരോ വീടിന്റെയും വാതിലുകളില്‍ മുട്ടിയുള്ള ഈ പ്രചരണം തെരഞ്ഞെടുപ്പില്‍ വന്‍വിജയം
നേടാന്‍ അവരെ സഹായിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :