ബീഹാറിന് 50,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി'

പാട്ന| VISHNU N L| Last Updated: ശനി, 25 ജൂലൈ 2015 (15:22 IST)
ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തിന്റെ വികസനത്തിനായി 50,000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഒരുദിവസത്തെ ബിഹാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബീഹാറിന് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മോഡി വാഗ്ദാനം നല്‍കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇവിടെയെത്തിയപ്പോൾ 50,000 കോടി രൂപയുടെ പാക്കേജ് ബിഹാറിന് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു, 50,000 കോടിയിലധികം രൂപയുടെ ഒരു വലിയ പാക്കേജായിരിക്കും ബിഹാറിന് നൽകുക. ഇത് ബിഹാറിനുള്ള തന്റെ വാഗ്ദാനമാണെന്നും മോഡി വ്യക്തമാക്കി.

ശരിയായ സമയത്ത് ബിഹാറിനു വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. തന്റെ സർക്കാരിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് നിതീഷ്ജി എന്നോട് പറഞ്ഞിരുന്നു. ബിഹാറിന്റെ വികസനം ഞങ്ങളുടെ മുഖ്യ അജണ്ടയാണ്. കിഴക്കേയിന്ത്യയുടെ വികസനം തങ്ങളുടെ പ്രധാന ദൗത്യമാണെന്നും മോഡി പറഞ്ഞു.

എല്ലാ വീടുകളിലും വാതക പൈപ്പ്‌ലൈനുകൾ എത്തണം. അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തില്ലെങ്കിൽ നമ്മൾ വളരെ പിന്നിലായി പോകും. രാജ്യം വളരണമെങ്കിൽ സംസ്ഥാനങ്ങളും വളരണം.ബീഹാറിലെ വിവിധ മേഖലകളിൽ വികസനം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്പുണ്ടായിരുന്ന ഗവൺമെന്റുകൾ കാരണമാണ് ബീഹാറിന് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നത്. എന്ന് നിതീഷ് കുമാറിനെ പരോക്ഷമായി കുത്തിക്കൊണ്ട് മോഡി പറഞ്ഞു.

പട്നയിൽ പുതിയ ഐ.ഐ.ടി കാന്പസിന്റെ ഉദ്ഘാടനം മോദി നി‌ർവഹിച്ചു. എൻ.ഡി.എ ഗവൺമെന്റിന്റെ പുതിയ പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2022നുള്ളിൽ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

ധനിയാവ-ബിഗാർഷരീഫ് മാർഗമുള്ള പുതിയ റെയിൽപാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഈ റെയിൽപാത വരുന്നതോടെ പട്നയും രാജ്ഗിറും തമ്മിലുള്ള ദൂരം 12 കിലോമീറ്റർ കുറയും. പട്ന-മുംബയ് എ.സി സുവിധാ എക്സപ്രസ്,​ രാജ്ഗിർ-ബിഹാർഷരീഫ്-ധനിയാവ-ഫത്തുഹ പാസഞ്ചർ ട്രെയിൻ എന്നിവ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :