ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 24 ജൂലൈ 2015 (07:57 IST)
ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് നാലാം ദിവസവും പ്രക്ഷുബ്ധമാകും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരുടെ രാജിയല്ലാതെ മറ്റ് ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറാകേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തിരിച്ച് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള തീരുമാനത്തില്‍ ബിജെപിയും ഉറച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസത്തെയും പോലം നാലാം ദിവസവും പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായി സ്തംഭിക്കാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്. രാജിയില്ലെന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാ വിഷയവും സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം സ്വീകരിച്ചിട്ടില്ല.
ഇതിനു പുറമെ അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സീതാറാം യച്ചൂരിക്ക് ടെലിവിഷന്‍ ഒപ്പോര്‍ച്ചുണിറ്റി നല്‍കുന്നുവെന്നായിരുന്നു ജെയ്റ്റിലിയുടെ പരാമര്‍ശം. യച്ചൂരിയുടെ പ്രതിഷേധത്തോടെയാണ് കഴിഞ്ഞ ദിവസം രാജ്യസഭ പിരിഞ്ഞത്.
അതേസമയം, പാര്‍ലമെന്റ് പ്രക്ഷുബ്ധമാകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിക്കുന്നത് മറികടക്കുന്നതിനെകുറിച്ച് ആലോചിക്കാനാണ് യോഗം ചേര്‍ന്നത്. അരുണ്‍ ജെയ്റ്റലി, സുഷമസ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.