കനത്ത സുരക്ഷയില്‍ ബീഹാറിൽ വോട്ടിംഗ് ആരംഭിച്ചു

 ബീഹാര്‍ വേട്ടെടുപ്പ് , ബീഹാര്‍ തെരഞ്ഞെടുപ്പ് , നരേന്ദ്ര മോഡി
പട്‌ന| jibin| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (08:01 IST)
കേന്ദ്ര സേനയുടെ കനത്ത സുരക്ഷയില്‍ ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷമായിട്ടുണ്ടെങ്കിലും ചില ബൂത്തുകളില്‍ ആളുകള്‍ എത്തി തുടങ്ങുന്നതേയുള്ളു. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയമെങ്കിലും മാവോയിസ്റ്റ് മേഖലകളിൽ നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

സംസ്ഥാനത്തെ 49 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനം വിധിയെഴുതുന്നത്. പത്ത് ജില്ലകളിലായുള്ള 49 മണ്ഡലങ്ങളിൽ നിന്ന് 583 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1,35,72,339 വോട്ടർമാരാണ് ഇവിടെയുള്ളത്. ബിജെപി (27), ജെഡിയു (24), ആർജെഡി (17), എൽജെപി (13), കോൺഗ്രസ് (8), ബിഎസ്‌പി (41), ആർഎൽഎസ്‌പി (6), എച്ച്‌എഎം (3), സിപിഐ (25), സിപിഎം (12) എന്നിങ്ങനെയാണ് വിവിധ കക്ഷികൾ സ്‌ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.

49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്‌ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ഡ്രോൺ വിമാനങ്ങളും ഹെലികോപ്റ്ററുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. നവംബർ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക. നവംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :