കള്ളക്കേസെന്ന് പറഞ്ഞവരുണ്ടായി,വ്യക്തിപരമായി തകർന്ന സന്ദർഭങ്ങളുണ്ടായി, അന്തിമഫലം വരെ പോരാടുമെന്ന് ഭാവന

അഭിറാം മനോഹർ| Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (17:08 IST)
താൻ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പ്രതികരിച്ച് നടി ഭാവന.വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയിലാണ് ഭാവനയുടെ പ്രതികരണം. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ചോദ്യങ്ങൾക്കാണ് മറുപടി നൽകിയത്.

ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ വിശദാംശങ്ങൾ പറയുന്നില്ല. സംഭവം നടന്ന് അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് ക്യാമ്പയിനുകൾ വേദനിപ്പി‌ച്ചു.

ഞാൻ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങൾ ഉണ്ടായി. എനിക്ക് മതിയായി എന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്‌തത് ശരിയെന്ന് തെളിയിക്കും.

എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. കുറച്ചുപേർ അവസരങ്ങൾ വാഗ്ദാനം നൽകിയെങ്കിലും ഞാനത് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു.ഭാവന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :