മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്

മദ്യപിച്ചു ലക്കുകെട്ട ഭഗവന്ത് മന്‍ നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

രേണുക വേണു| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (08:44 IST)

മദ്യപിച്ചു ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ആം ആദ്മി നേതാവ് കൂടിയായ മന്നിനെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് മദ്യപിച്ചു ലക്കുകെട്ട നിലയില്‍ കണ്ടെത്തിയത്. ലുഫ്താന്‍സ വിമാനത്തില്‍ ജര്‍മനിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരാനിരിക്കുകയായിരുന്നു. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഭഗവന്ത് മന്‍ ജര്‍മനിയിലേക്ക് പോയത്.

മദ്യപിച്ചു ലക്കുകെട്ട ഭഗവന്ത് മന്‍ നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനം നാല് മണിക്കൂറോളം വൈകുകയും ചെയ്തു. ലുഫ്താന്‍സ 760 വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കാനാണ് മന്‍ വിമാനത്താവളത്തില്‍ എത്തിയത്. അമിതമായി മദ്യപിച്ച മന്നിനെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തു. 1.40 pm ന് പുറപ്പെടേണ്ട വിമാനം മന്‍ കാരണം പിന്നീട് 5.34 pm നാണ് പുറപ്പെട്ടതെന്ന് പറയുന്നു. പിന്നീട് പഞ്ചാബ് മുഖ്യമന്ത്രി ഇല്ലാതെയാണ് വിമാനം പുറപ്പെട്ടത്. സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയായിരുന്നു മന്നിന്റെ ജര്‍മന്‍ സന്ദര്‍ശനം.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസും ആം ആദ്മിയും ഈ ആരോപണങ്ങളെ നിഷേധിച്ചു. മുഖ്യമന്ത്രിക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ലന്നും ആരോഗ്യപ്രശ്നത്താലാണിതെന്നും അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചു. പഞ്ചാബ് ജനതയെയും രാജ്യത്തെയും മുഖ്യമന്ത്രി നാണംകെടുത്തിയെന്നാരോപിച്ച് അകാലിദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :