സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:25 IST)
ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഒന്‍പതായി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മരിച്ചവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ബെംഗളൂരുവിലെ ഹെന്നൂര്‍ മേഖലയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
ബീഹാറില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. അപകടത്തിന് പിന്നാലെ 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടന്നത്. ഇവരില്‍ 13 പേരെ രക്ഷപ്പെടുത്തി. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊഴിലാളികള്‍ക്കായി സമീപത്ത് നിര്‍മിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.