അത്യാവശ്യമല്ലെങ്കില്‍ ചെന്നൈ, ബെംഗളൂരു യാത്രകള്‍ ഒഴിവാക്കാം; കനത്ത മഴയില്‍ മുങ്ങി നഗരങ്ങള്‍

വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ - മൈസൂരു കാവേരി എക്‌സ്പ്രസ് അടക്കമുള്ള നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വെ റദ്ദാക്കിയിട്ടുണ്ട്

Chennai Weather Report
രേണുക വേണു| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (10:15 IST)
Chennai Weather Report

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴ തുടരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ വെള്ളക്കെട്ടില്‍. ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കുന്ന വിധമാണ് ചെന്നൈ നഗരത്തിലെ വെള്ളക്കെട്ട്. പലയിടത്തും പ്രളയസമാന സാഹചര്യമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള ചെന്നൈ, ബെംഗളൂരു യാത്രകള്‍ ഒഴിവാക്കുക.

വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ - മൈസൂരു കാവേരി എക്‌സ്പ്രസ് അടക്കമുള്ള നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വെ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും മറ്റു ചിലത് ദീര്‍ഘനേരം പിടിച്ചിടുകയും ചെയ്യേണ്ട അവസ്ഥയാണ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, ചെന്നൈ ജില്ലകളില്‍ മഴ കനക്കാനാണ് സാധ്യത. കനത്ത മഴയെ തുടര്‍ന്ന് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ബെംഗളൂരുവിലും മഴ ശക്തി പ്രാപിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. ബെംഗളൂരു നഗരത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധിയാണ്. ഇടിയോടും മിന്നലോടും കൂടിയ മഴയാണ് ബെംഗളൂരു നഗരത്തില്‍ വരും മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :