Last Modified ശനി, 22 ജൂണ്‍ 2019 (16:13 IST)
നിപയുടെ പേരില്‍ കേരളത്തെ ഒരു മാസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ വവ്വാലുകള്‍ അങ്ങ് മധ്യപ്രദേശിലും ആളുകളുടെ ഉറക്കം കെടുത്തുന്നു. കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് വരെ അപകടത്തിലാക്കുന്നു ഇവിടെ വവ്വാലുകൾ. തുടര്‍ച്ചയായും മുന്നറിയിപ്പില്ലാതെയും മാസങ്ങളായി തുടരുന്ന പവ്വര്‍കട്ടാണ് 46 ഡിഗ്രിയില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് തലവേദനയാകുന്നത്.
ഇതിന് കാരണമായിട്ട് വൈദ്യതി വകുപ്പ് കണ്ടെത്തിയിരിക്കുന്ന കാരണമാകട്ടെ വവ്വാലുകളും. ഭോപ്പാലടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാകാന്‍ കാരണം ടവര്‍ ലൈനുകളില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വലിയ ലൈനുകളില്‍ തുങ്ങിക്കിടക്കുന്ന ഇവ പലപ്പോഴും ഷോര്‍ട്ട് സര്‍ക്യൂട്ടിനും പിന്നീട് പവര്‍ കട്ടിനും കാരണമാകുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. കൊടുംചൂടില്‍ കറണ്ട് ഇല്ലാതാകുന്നതോടെ ജീവിക്കാനാവാത്ത സ്ഥിതിയിലാണ് ജനങ്ങൾ. കൊടും ചൂടത്തെ കറണ്ട് കട്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപിയും തമ്മിലുള്ള പുതിയ വടംവലിയ്ക്കും കാരണമായി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാതെ തൊടുന്യായം പറഞ്ഞ് തടി തപ്പുകയാണെന്നാണ് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാര്‍ നിലവാരം കുറഞ്ഞ ജനറേറ്ററുകള്‍ വാങ്ങിയതാണ് വിഷയങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിനിടെ പവ്വര്‍ സപ്ലൈ ഇടയ്ക്കിടയ്ക്ക് നിന്നു പോകാന്‍ കാരണം ട്രാന്‍സ്‌ഫോര്‍മറുകളില്‍ പരിധിക്കപ്പുറം ലോഡു വന്നതാണെന്ന് വകുപ്പ് മന്ത്രി പര്യാവ്രത് സിംഗ് പറഞ്ഞു.
വവ്വാലുകള്‍, പറയുന്നതു പോലെ ഈ വിഷയത്തില്‍ പ്രശ്‌നക്കാരല്ലെന്നും ലോഡാണ് വില്ലനെന്നുമാണ് മന്ത്രിയുടെ നിലപാട്. വവ്വാലുകളുടെ വാസം ഇന്നു ഇന്നലെയും തുടങ്ങിയതല്ലെന്നും അത് തൊടുന്യായമാണെന്നുമാണ് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചത്.