ന്യൂഡൽഹി|
Rijisha M.|
Last Modified വ്യാഴം, 5 ജൂലൈ 2018 (11:27 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂറിർ എംപിക്ക് കോടതി മുൻകൂർ ജാമ്യം നൽകി. തരൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂർ കെട്ടിവയ്‌ക്കും.
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
അതേസമയം, ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നൽകിയാൽ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. വിദേശത്തേക്ക് ഉൾപ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂർ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികൾ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണ കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ.