കൃപാല്‍ സിങ്ങിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു; ആരോപണവുമായി ബന്ധുക്കള്‍

പാക് ജയിലില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍ സിങ്ങിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അമൃത്സര്, പാകിസ്ഥാന്‍, മരണം, ജയില്‍ amruthsar, pakisthan, death, jail
അമൃത്സര്| സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (09:35 IST)
പാക് ജയിലില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍ സിങ്ങിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൃപാലിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കൃപാല്‍ സിങ്ങിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളാണ്‌ കൊലപാതകമാണ്‌ നടന്നതെന്ന്‌ സംശയിക്കാന്‍ കാരണമെന്ന്‌ ബന്ധുക്കള്‍ വ്യക്തമാക്കി.

വാഗ അതിര്‍ത്തിയില്‍ വെച്ച്‌ ബന്ധുക്കള്‍ക്ക്‌ മൃതദേഹം കൈമാറുമ്പോള്‍ കൃപാല്‍ സിങ്ങിന്റെ കണ്ണുകളില്‍ നിന്ന്‌ രക്‌തം ഒഴുകിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ അടികൊണ്ട പാടുകളും ഉണ്ടായിരുന്നു. ഇതാണ്‌ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന സംശയത്തിലേക്ക്‌ നയിച്ചത്‌. എന്നാല്‍, മൃതദേഹം ഇന്ത്യയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ സംഘം പാടുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തുന്നത്. മൃതദേഹത്തില്‍ ചില അവയവങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ സ്ഥിരീകരിച്ചു. മൃതദേഹം പാകിസ്ഥാനില്‍ വെച്ച് ഒരു തവണ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. അവയവങ്ങള്‍ നഷ്ടപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല.

ലാഹോര്‍ ജയിലില്‍ സരബ്ജിത് സിങ്ങ് കൊല്ലപ്പെട്ടതിന് ഏക സാക്ഷിയായിരുന്നു കൃപാല്‍ സിങ്ങെന്നും മരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ചാരനെന്ന്‌ ആരോപിക്കപ്പെട്ടാണ് 1992 ല്‍ കൃപാല്‍ സിങ്ങ്‌ അറസ്‌റ്റിലായത്‌. അതിര്‍ത്തി ലംഘിച്ചുയെന്ന കുറ്റത്തിനായിരുന്നു അറസ്‌റ്റ്. ലഹോറിലെ കോട്‌ലഖ്‌പത്ത്‌ ജയിലില്‍ ഈ മാസം 11 നാണ്‌ കൃപാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :