അഫ്‌ഗാനിൽ നിന്നും 168 പേരെ ഇന്ത്യയിലെത്തിച്ചു, രജിസ്റ്റർ ചെയ്‌ത എല്ലാ മലയാളികളും നാട്ടിലെത്തിയെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (12:45 IST)
അഫ്‌ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്രസർക്കാർ. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്.

168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാന്റ് ചെയ്തത്. ഇതിൽ മുപ്പതോളം മലയാളികളുണ്ട്. അഫ്ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ദില്ലിയിലേക്ക് എത്തിച്ചത്. മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്.

ഇന്ന് രാവിലെ 222 ഇന്ത്യാക്കാരെ അഫ്ഗാനില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി എത്തിച്ചിരുന്നു. കൂടുതൽ ഇന്ത്യാക്കാരെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :