ന്യൂഡൽഹി|
Rijisha M.|
Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (08:36 IST)
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്. കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണ് ക്രിസ്റ്റ്യൻ മൈക്കലിനെതിരെയുള്ള കുറ്റം.
വിവിഐപി ഹെലികോപ്‌റ്റർ കരാർ ലഭിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ച ക്രിസ്‌റ്റ്യൽ മൈക്കൽ കഴിഞ്ഞ
വർഷം യുഎയിൽ അറസ്‌റ്റിലായിരുന്നു. ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നിയമ നടപടികള്‍ ദുബായ് കോടതിയില്‍ നടന്നുവരികയായിരുന്നു.
അഗസ്റ്റ വെസ്റ്റ് ലാൻഡിനും അവരുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവർക്കും വേണ്ടിയാണ് മൈക്കൽ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. 12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു.