വ്യോമസേനയിൽ അഗ്നിവീർ: ജൂലായ് 27 മുതൽ അപേക്ഷിക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂലൈ 2023 (17:12 IST)
വ്യോമസേനയില്‍ അഗ്‌നിപഥ് സ്‌കീമിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 13 മുതലാണ് പരീക്ഷ. നാലു വര്‍ഷക്കാലത്തേയ്ക്കാണ് തിരെഞ്ഞെടുപ്പ്. ആദ്യവര്‍ഷം 30,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയുമാകും പ്രതിമാസം അനുവദിക്കുക.

ഇതില്‍ 30 ശതമാനം തുക അഗ്‌നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നീക്കിവെയ്ക്കും. ഇതുപ്രകാരം ആദ്യവര്‍ഷം 9000 , രണ്ടാം വര്‍ഷം 9900,മൂന്നാം വര്‍ഷം 10,950, നാലാം വര്‍ഷം 12000 രൂപ എന്നിങ്ങനെ പ്രതിമാസം നീക്കിവെയ്ക്കും. ഈ തുക കൂട്ടിയാല്‍ കിട്ടുന്ന 5.02 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റൊരു 5.02 ലക്ഷം രൂപയും ചേര്‍ത്ത് 10.4 ലക്ഷം രൂപ നാല് വര്‍ഷത്തിന് ശേഷം ലഭിക്കും. സര്‍വീസ് ചെയ്യുന്ന നാലുവര്‍ഷത്തില്‍ ഓരോ വര്‍ഷവും 30 ദിവസം ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ടാകും.

നാലുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് എയര്‍മെന്‍ റെഗുലര്‍ കേഡറിലേക്കുള്ള തിരെഞ്ഞെടുപ്പില്‍ പങ്കെടുക്കാം. 25 ശതമാനം പേരെയാകും ഇതില്‍ ഉള്‍പ്പെടുത്തുക. അപേക്ഷകര്‍ ശാരീരികമായും മാനസികമായും കരുത്തരാകണം. ഗുരുതരരോഗങ്ങളോ നീണ്ടുനില്‍ക്കുന്ന രോഗങ്ങളോ ഉള്ളവരാകരുത്. 2003 ജൂണ്‍ 27നും 2006ഡിസംബര്‍ 27നും ഇടയില്‍ ജനിച്ചവര്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും agnipathvayu.cdac.in സന്ദർശിക്കുക. ജൂലായ് 27 മുതൽ ഓഗസ്റ്റ് 17 വരെ അപേക്ഷ സമർപ്പിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :