നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (11:56 IST)
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. മോദിയല്ലെങ്കില്‍ ആര് എന്ന് ചോദിക്കുന്നവര്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യൂ എന്നാണ് താരത്തിന്റെ ട്വീറ്റ്. 2020 ലെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിച്ചു.
'ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഭീകരമാണ്; എന്നാല്‍, കേരളം അതില്‍ നിന്നു വ്യത്യസ്തമാണ്
2020 ലെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളം പാഠം ഉള്‍ക്കൊണ്ടു. ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചു. ഓക്‌സിജന്‍ ഉല്‍പ്പാദനം 58 ശതമാനം വര്‍ധിപ്പിച്ചു. കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഗോവയിലേക്കും കേരളത്തില്‍ നിന്ന് ഓക്‌സിജന്‍ വിതരണം ചെയ്യുന്നു.
കേരള മോഡല്‍ ഒരു മാതൃകയാക്കേണ്ട മോഡലാണ്
മോദി അല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവര്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യൂ,' ചേതന്‍ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ക്രൈസിസ് മാനേജ്‌മെന്റ്; രാജ്യം വിറങ്ങലിക്കുമ്പോഴും കേരളം പിടിച്ചുനില്‍ക്കാന്‍ കാരണം?
കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യരംഗം ആടിയുലയുകയാണ്. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സഹായം നല്‍കാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹിയിലാണ് ഓക്‌സിജന്‍ പ്രതിസന്ധി അതിരൂക്ഷം. എന്നാല്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അതിനുകാരണം, രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ മുന്‍കൂട്ടി കേരളം സ്വീകരിച്ച നടപടികളാണ്. ക്രൈസിസ് മാനേജ്‌മെന്റിന്റെ ഭാഗമായി ഓക്‌സിജന്‍ ക്ഷാമം വരാതിരിക്കാനുള്ള നടപടികള്‍ കേരളം നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളം പിടിച്ചുനില്‍ക്കുന്നത് ക്രൈസിസ് മാനേജ്‌മെന്റില്‍ പുലര്‍ത്തിയ കൃത്യമായ സമീപനം കൊണ്ടാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗവ്യാപനം തീവ്രമായാല്‍ അതിനെ നേരിടാന്‍ ആവശ്യമായ സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഓക്‌സിജന്‍ സംഭരണശേഷി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തില്‍ കേരളത്തിനു ആവശ്യം 74.25 മെട്രിക് ടണ്‍ ഓക്‌സിജനാണ്. എന്നാല്‍, സംസ്ഥാനത്ത് 219.22 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇത്ര വലിയ രോഗവ്യാപനത്തിനിടയിലും ഗോവ, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കെല്ലാം കേരളം മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കേഴ്‌സ് അയച്ചിരുന്നു. പെട്രോളിയം എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയെ കുറിച്ച് വിലയിരുത്തല്‍ നടത്തിയിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ വിവിധ ഓക്‌സിജന്‍ പ്ലാന്റുകളിലായി 199 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കേരള മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് പാലക്കാട് ജില്ലയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
രോഗികളുടെ എണ്ണം ഇനിയും കുതിച്ചുയരുമ്പോള്‍ കേരളത്തില്‍ ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ശരാശരി 103.51 മെട്രിക് ടണ്‍ ആയിരിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
നിലവില്‍ ആവശ്യത്തിലധികം കൃത്രിമ ഓക്‌സിജന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ആര്‍.വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ കൃത്രിമ ഓക്‌സിജന്‍ നിര്‍മാണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. 66 മെട്രിക് ടണ്‍ ആയിരുന്നത് ഇപ്പോള്‍ 75 മെട്രിക് ടണ്ണിലേക്ക് എത്തിയിട്ടുണ്ട്. നിലവില്‍ 501 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആണ് കേരളത്തില്‍ സംഭരിച്ചിട്ടുള്ളത്.
ശ്വാസമെടുക്കാനുള്ള തടസമാണ് രണ്ടാം കോവിഡ് തരംഗത്തിന്റെ പ്രധാന ലക്ഷണം. ശ്വാസതടസം വലിയ രീതിയില്‍ അനുഭവപ്പെടും. അതുകൊണ്ട് തന്നെ കൃത്രിമ ഓക്‌സിജന്‍ നല്‍കേണ്ട അവസ്ഥയുണ്ട്. രണ്ടാം തരംഗത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റായ 47.5 ശതമാനം കോവിഡ് രോഗികള്‍ക്കും ശ്വാസമെടുക്കാന്‍ വലിയ രീതിയില്‍ തടസം നേരിടുന്നതായാണ് പറയുന്നത്. ആദ്യ തരംഗത്തില്‍ ഇത് 41.7 ശതമാനം മാത്രമായിരുന്നു.