കരളുറപ്പോടെ കേരളം; ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് അരക്കോടിയിലേറെ, ഒറ്റക്കെട്ടായി ജനതയുടെ പ്രതിരോധം

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (13:19 IST)

കോവിഡിനെതിരായ യുദ്ധത്തില്‍ സമാനതകളില്ലാത്ത പ്രതിരോധമാണ് മലയാളികള്‍ കാണിക്കുന്നത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ മറ്റ് സംസ്ഥാനങ്ങള്‍ അടക്കം ചോദ്യം ചെയ്യുമ്പോള്‍ കേരളം ഒരുപടി കൂടി കടന്ന് പ്രതിഷേധം അറിയിക്കുകയാണ്. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്മാറുകയും ചെയ്തിരിക്കുകയാണ്. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ബുധനാഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടാകുന്നത്. അന്നേദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്ര നയത്തെ കുറിച്ച് ചോദിച്ചു. കേന്ദ്രം വാക്‌സിന് വില ചുമത്തുന്നതിനാല്‍ കേരളത്തിലും വാക്‌സിന് പണം നല്‍കേണ്ടിവരുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍, നേരത്തെ പറഞ്ഞ വാക്ക് മാറ്റില്ലെന്നും കേരളത്തില്‍ പൂര്‍ണമായി കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇടയ്ക്കിടെ വാക്ക് മാറുന്ന ശീലം തങ്ങള്‍ക്കില്ലെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ പല ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഹാന്‍ഡിലുകളില്‍ നിന്നും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുത്തു. തങ്ങള്‍ സ്വീകരിക്കുന്ന വാക്‌സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കികൊണ്ട് പ്രതിഷേധിക്കാന്‍ ചിലര്‍ തീരുമാനിച്ചു. രണ്ട് ഡോസ് വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന വാക്‌സിന്‍ ചലഞ്ചിന് അങ്ങനെ തുടക്കമായി.

വാക്‌സിന്‍ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. വ്യാഴാഴ്ചയിലെ വാര്‍ത്താസമ്മേളനത്തില്‍ ഈ ചലഞ്ചിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയനോട് വീണ്ടും ചോദിച്ചു. 'കണ്ടില്ലേ, ഇതാണ് നമ്മുടെ നാട്' എന്നു പറഞ്ഞാണ് പിണറായി ഇതിനെ വിശേഷിപ്പിച്ചത്. ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രതിരോധത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയായിരുന്നു. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് ഏകദേശം 22 ലക്ഷം രൂപ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ചയിലെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുകയുടെ മൂല്യം ഇരട്ടിച്ചു. മിനിറ്റുകള്‍കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ എത്തുന്ന സാഹചര്യമുണ്ടായി. രാത്രി കുറച്ച് സമയത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സിഎംഡിആര്‍എഫ്) സൈറ്റ് ഓണ്‍ലൈന്‍ പണ നിക്ഷേപത്തെ തുടര്‍ന്ന് ബ്ലോക്കായി.


ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക നോക്കുമ്പോള്‍ അത് 63 ലക്ഷം രൂപയായിരുന്നു. എന്നാല്‍, അടുത്ത 15 മിനിറ്റ് കൊണ്ട് 63 ലക്ഷം എന്നത് 70 ലക്ഷത്തിലേക്ക് അടുത്തു. അതായത് വെറും 15 മിനിറ്റുകൊണ്ടാണ് ഏഴ് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വിദേശത്തു നിന്നുള്ള മലയാളികള്‍ വലിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് വലിയൊരു ശതമാനം മലയാളികളും. ദേശീയ തലത്തിലും ഈ പ്രതിഷേധം ചര്‍ച്ചയായിരിക്കുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :