ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 11 ജൂലൈ 2014 (15:29 IST)
ബാംഗ്ളൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് ജാമ്യം. അതേസമയം ബാംഗ്ളൂര്‍ വിട്ട് പുറത്തു പോകരുതെന്നാണ് വ്യവസ്ഥ. വിചാരണ നീളുന്നതിനാലാണ് അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയത്. നാലുവര്‍ഷത്തെ തടവിനു ശേഷമാണ് ജാമ്യം നല്‍കുന്നത്.
ജസ്റ്റിസ് ജെ ചലമേശ്വറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, ബാംഗ്ളൂർ നഗരം വിട്ടുപോകരുത്, ജാമ്യം ലഭിച്ച ശേഷം താമസിക്കുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കന്നത്. അതേസമയം ജാമ്യവ്യവസ്ഥ മഅ്ദനി പാലിക്കുന്നുണ്ടോയെന്ന് കർണാടകത്തിന് നിരീക്ഷിക്കാം. ലംഘിച്ചാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മൂന്നു മാസത്തെ ജാമ്യത്തിനാണ് മഅ്ദനി ഹര്‍ജി സമര്‍പ്പിച്ചത് എന്നാല്‍ കോടതി ഒരു മാസത്തേക്ക് ജാമ്യം ചുരുക്കുകയായിരുന്നു. ഈ സമയം ഭാര്യയെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മഅ്ദനിയുടെ ആവശ്യമായ കേരളത്തില്‍ ചികിത്സ നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന ചികിത്സയില്‍ വിശ്വാസവുമില്ലെന്ന വാദം കോടതി തള്ളി കളഞ്ഞു.
അതേ സമയം മഅ്ദനിയുടെ ജാമ്യഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു. മഅ്ദനിക്കെതിരെ സുപ്രധാന തെളിവുകളുണ്ട്. ബംഗളൂരുവില്‍ നടന്ന എട്ട് സ്ഫോടങ്ങളുടെ സൂത്രധാരന്‍ മഅ്ദനിയാണ്.
കൂടാതെ രാജ്യത്ത് പലയിടത്തും നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനിക്ക് പങ്കുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിച്ചാല്‍ മഅ്ദനി സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. കൂടാതെ ജാമ്യത്തിനായി കളവ് പറയുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.