ന്യൂഡൽഹി|
സജിത്ത്|
Last Updated:
ബുധന്‍, 16 നവംബര്‍ 2016 (10:34 IST)
പഴയ 500,
1000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനെത്തുന്നവരുടെ വിരലില്‍ വോട്ടുമഷി പുരട്ടാനുള്ള
നിര്‍ദേശത്തിൽ സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി. അക്കൗണ്ടുളള ബ്രാഞ്ചില്‍ നിന്നും നോട്ടുകള്‍ മാറുന്ന ഇടപാടുകാരുടെ കൈയില്‍ മഷി പുരട്ടേണ്ടതില്ലെന്നാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്ന നിര്‍ദേശവുമുണ്ട്.
5000 രൂപയില്‍ അധികമുളള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി ഈ മാസം 24 വരെയാണ് ഇത്തരത്തിലുള്ള നിയന്ത്രണം. സാധാരണക്കാരെ ഉപയോഗിച്ചു കൊണ്ടുള്ള കള്ളപ്പണം വെളുപ്പിക്കുന്ന നടപടി തടയുന്നതിനായാണ് മഷിപ്രയോഗമെന്നും വലതുകൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷിപുരട്ടേണ്ടതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
അതെസമയം എടിഎമ്മുകള്‍ പുഃനക്രമീകരിക്കാത്തതിനാല്‍ ഒരുദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 4000 ആയി വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍ തീരുമാനം ഉടന്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ആദ്യ ആഴ്ചകളില്‍ രണ്ടായിരം രൂപയും നവംബര്‍ 19 മുതല്‍ 4000 രൂപവീതവും പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചിരുന്നത്.