ഹൈദരാബാദിലെ ദില്‍സുക്ക് നഗറില്‍ വന്‍ സ്ഫോടനം. 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ദില്‍സുക്ക് നഗറിലെ തിയേറ്ററിലും ബസ് സ്റ്റാന്‍ഡിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. അഞ്ച് സ്ഫോടനങ്ങള്‍ നടന്നതായാണ് അറിയുന്നത്. രാത്രി ഏഴുമണിക്കാണ് ആദ്യ സ്ഫോടനം നടന്നത്. അതിന് ശേഷമുള്ള 10 മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് നാല് സ്ഫോടനങ്ങളും ഉണ്ടായി.
ഹൈദരാബാദിലെ ജനത്തിരക്കേറിയ സ്ഥലമാണ് ദില്‍സുക്ക് നഗര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ധാരാളം കടകളുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്‍ സാധ്യത. ഒരു സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ബസ് സ്റ്റാന്‍ഡിലും വെങ്കിടാദ്രി തിയേറ്ററിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്.
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഏറെപ്പേര്‍ സംഭവസ്ഥലത്തുണ്ടാകാനുള്ള സാധ്യതയുണ്ട്. മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ പ്രദേശം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടുന്നില്ല. ഹൈദരാബാദില്‍ സ്ഫോടനം നടക്കുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.
2007ല്‍ ഹൈദരാബാദില്‍ ഉണ്ടായ സ്ഫോടനത്തില്‍ 42 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്സല്‍ ഗുരുവിന്‍റെ മരണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ രാജ്യമാകെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്.