രാജ്യത്തെ 64 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 7 മെയ് 2014 (08:42 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി. ആന്ധ്രാപ്രദേശിലെ സീമാന്ധ്ര (25), ഉത്തരാഖണ്ഡ് (5), ഹിമാചല്‍ (4) എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റിലേക്കും യുപിയിലെ 15, ബിഹാറിലെ ഏഴ്, പശ്ചിമബംഗാളിലെ ആറ്, ജമ്മുകശ്മീരിലെ രണ്ട് എന്നീ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിര്‍ദിഷ്ട സീമാന്ധ്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

2009-ല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇക്കുറി അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സിനൊപ്പംനിന്ന സീമാന്ധ്രയിലും ഉത്തരാഖണ്ഡിലും ഇത്തവണ സ്ഥിതി അനുകൂലമല്ല.

സീമാന്ധ്രയിലെ 25-ല്‍ 19 സീറ്റുകളില്‍ കഴിഞ്ഞതവണ വിജയിച്ചത് കോണ്‍ഗ്രസ്സാണ്. തെലങ്കാനപ്രശ്‌നവും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും കാരണം ഇക്കുറി കോണ്‍ഗ്രസ്സിന്റെ കാര്യം അവിടെ പരിതാപകരമാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് പ്രചാരണത്തില്‍ മുന്നിട്ടുനിന്നത്. ബിജെപി-തെലുങ്കുദേശം സഖ്യവും സീമാന്ധ്രയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കി.

ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവി, ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി(സാരണ്‍), ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാന്‍ (ഹാജിപ്പുര്‍ ) എന്നിവരാണ് ബിഹാറില്‍നിന്ന് ജനവിധി തേടുന്ന പ്രധാന നേതാക്കള്‍. ഏഴ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ജനതാദള്‍-യുവിന്റെ കൈയിലും രണ്ടെണ്ണം ആര്‍ജെഡിയുടെ കൈയിലുമാണ് ഇപ്പോള്‍.
അമേഠിക്കുപുറമേ സുല്‍ത്താന്‍പുര്‍ (വരുണ്‍ ഗാന്ധി), ഗോണ്ട (ബേനിപ്രസാദ് വര്‍മ), ഫൂല്‍പുര്‍ (മുഹമ്മദ് കൈഫ്) തുടങ്ങിയവയാണ് യുപിയിലെ പ്രധാന മണ്ഡലങ്ങള്‍. പശ്ചിമബംഗാളില്‍ സിപിഎം നേതാവ് ബസുദേവ് ആചാര്യയും ഹിമാചലില്‍ ബി.ജെ.പി. നേതാക്കളായ മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍, അനുരാഗ് ഠാക്കൂര്‍ എന്നിവരും ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിമാരായ രമേ ശ്‌പൊഖ്‌റിയാല്‍, റിട്ട.മേജര്‍ ജനറല്‍ ബിസി ഖണ്ഡൂരി, ഭഗത്സിങ് ഹോഷിയാരി എന്നിവരും ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു

ഇതോടെ ലോക്‌സഭയിലെ 502 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ബാക്കിയുള്ള 41 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മെയ് 12-നാണ് നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :