കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സാദിഖ് ബാഷയുടെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു. ബാഷ ശ്വാസംമുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍, വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളിലേ തയ്യാറാവൂ എന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു.
വിശദമായ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ബാഷയുടെ മരണം ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. 2ജി കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജയുടെ അടുത്ത അനുയായിയ ബാഷയുടെ മരണത്തെ കുറിച്ച് സംശയമുണ്ട് എന്ന് പരാതിക്കാരനായ സുബ്രമഹ്ണ്യന്‍ സ്വാമിയും എഐഡിഎംകെ നേതാവ് ജയലളിതയും ആരോപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഭാര്യ രഹാനഭാനുവാണ് ബാഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും ജോലിക്കാരും ചേര്‍ന്ന് അപ്പോളൊ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബാഷയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ല എന്ന് പറയുന്ന കുറിപ്പില്‍ രാജയും ഭാര്യയും കുറ്റക്കാരല്ല എന്നും തുടര്‍ച്ചയായി നടന്ന റെയ്ഡുകളും മാധ്യമ വിചാരണയും തനിക്ക് അസ്വസ്ഥതകളുണ്ടാക്കിയിരുന്നു എന്നും ബാഷയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബാഷ എംഡി ആയിരുന്ന ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സിന്റെ ഓഫീസിലും ബാഷയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഒരു തവണ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയും ബാഷയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, 2ജി കേസില്‍ മാപ്പുസാക്ഷിയാവാന്‍ ബാഷയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സ്പെക്ടം കുഭകോണവുമായി ബന്ധപ്പെട്ട് ഹീനമായ ഒരു സംഭവം നടന്നിരിക്കുകയാണ് എന്നാണ് ജയലളിത അഭിപ്രായപ്പെട്ടത്. കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്തണം. ജയിലില്‍ കഴിയുന്ന രാജയ്ക്കും ശക്തമായ സുരക്ഷ ഉറപ്പുവരുത്തണം. കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും മതിയായ സംരക്ഷണം നല്‍കിയില്ല എങ്കില്‍ അവര്‍ക്ക് ബാഷയുടെ ഗതി വരുമെന്നും ജയലളിത പറഞ്ഞു.
അതേസമയം, സിബിഐയുടെ നിരീക്ഷണത്തിലുള്ള ബാഷ മരിച്ചതിനെ കുറിച്ച് ഏജന്‍സി തന്നെ അന്വേഷിക്കണമെന്നാണ് സുബ്രമഹ്‌ണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്.