ഭര്‍ത്താവിനോട് ദേഷ്യം തോന്നിയാല്‍ കണക്കില്ലാതെ ഭക്ഷണം കഴിച്ച് പ്രതികാരം ചെയ്യുന്ന ഭാര്യയാണോ നിങ്ങള്‍? കാമുകനോട് പിണങ്ങുമ്പോഴോ, തലവേദന പിടിച്ച ഒരു പ്രൊജക്‍ട് തീര്‍ത്തശേഷമോ പോയിരുന്നു ഐസ്ക്രീമോ ചോക്ലേറ്റോ വെട്ടിവിഴുങ്ങുന്നയാളാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. ഭക്ഷണത്തെ വികാരപരമായി സമീപിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും പെടും.
ദേഷ്യവും മാനസികസമ്മര്‍ദ്ദവുമൊക്കെ മാറ്റിയെടുക്കാനായി ഭക്ഷണത്തെ കൂട്ടുപിടിക്കുന്ന ഒരുതരം മാനസികാവസ്ഥയ്ക്ക് അടിമപ്പെടുന്നവരാണ് ഇത്തരത്തില്‍ പെരുമാറുന്നത്. എല്ലാ പ്രശ്നങ്ങളില്‍ നിന്നും മനസ്സിനെ ഊരിയെടുക്കാന്‍ അവര്‍ ഭക്ഷണം കഴിച്ചു സംതൃപ്തിയടയും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അല്‍പനേരത്തേക്കെങ്കിലും മറന്നുകളയാന്‍ ഒരു ഐസ്ക്രീം നുണയുന്നതിലൂടെ അവര്‍ക്ക് സാധിക്കുന്നു എന്നു ചുരുക്കം, ഭീതിയും ഇഷ്‌ടക്കേടുമല്ലാം ഐസ്ക്രീമിനൊപ്പം അലിഞ്ഞില്ലാതാവുന്നു.
പഠിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളും വെറുതെ വീട്ടിലിരുന്നു ബോറടിക്കുന്നവരുമൊക്കെ ആഹാരം കഴിച്ച് മതിമറക്കുന്നവരുടെ പ്രതിനിധികളാണെന്ന് പറയാം. ജോലിസ്ഥലത്തെ പ്രശ്നങ്ങളും വീട്ടുകാര്യങ്ങളും കൂട്ടിമുട്ടുമ്പോള്‍ ചില വീട്ടമ്മമാരും ആഹാരത്തിന് അടിമകളാകുന്നു. അങ്ങനെ അല്പനേരത്തേക്കെങ്കിലും അവര്‍ക്ക് സ്വയം മറക്കാനാവുന്നു.
സമ്മര്‍ദ്ദങ്ങള്‍ താങ്ങാനും പ്രശ്നങ്ങളെ അതിജീവിക്കാനും കഴിവില്ലാത്തവരാണ് തങ്ങള്‍ എന്ന പഴി ഇന്നത്തെ യുവത്വം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ അല്പമെങ്കിലും സത്യമില്ലേ? അലട്ടലുകളില്‍ നിന്നും രക്ഷപ്പെടാന്‍ ചിലര്‍ ഷോപ്പിങ്ങില്‍ മുഴുകും, സിനിമയിക്ക് പോകും. ചിലര്‍ കൂട്ടുകാര്‍ക്കൊപ്പം ഉല്ലാസയാത്ര പോകും. എന്നാല്‍ ഇതിലൊന്നും സംതൃപ്തി നേടാന്‍ സാധിക്കാത്തവരാണ് ഒടുവില്‍ ഭക്ഷണത്തില്‍ രക്ഷനേടുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് ഒളിച്ചോട്ടം തന്നെയാണ്. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണത്രേ ഇങ്ങനെ തോന്നുക.
എന്നാല്‍, ജങ്ക് ഫുഡുകളിലും മറ്റും ജീവിതം സമര്‍പ്പിക്കുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത് എന്ന് തിരിച്ചറിയുക. കലോറി വര്‍ദ്ധിക്കുന്നത് അസുഖങ്ങള്‍ ബാധിക്കാന്‍ കാരണമാകുമെന്ന് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു. ശരീരഭാരം വര്‍ധിച്ച് രോഗങ്ങള്‍ക്ക് അടിമപ്പെടുക എന്ന ദുരവസ്ഥയാവും ഇതിന്റെ ഒടുക്കം. ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, മുടി കൊഴിച്ചില്‍, നഖം പൊഴിയല്‍, കുറഞ്ഞ രക്തസമ്മര്‍ദം, തലവേദന, എല്ലുകള്‍ക്ക് ബലക്കുറവ് തുടങ്ങി ആത്മഹത്യയിലേക്ക് വരെ ഇത് നിങ്ങളെ നയിച്ചേക്കാം.
ശരീരത്തില്‍ സിങ്കിന്റെ അളവ് കുറയുന്നത് ഭക്ഷണത്തോടുള്ള ആര്‍ത്തിക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സംഗീതം, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയിക്കാന്‍ ശീലിക്കുകയാണ് ആദ്യം വേണ്ടത്. എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഭക്ഷണത്തിന്റെ അളവും അത് കഴിക്കാനെടുക്കുന്ന സമയവുമൊക്കെ കൃത്യമായിരിക്കണം. കോളയും സോഡയും സ്നാക്കുകളും ഉപയോഗിക്കുന്നത് കുറയ്ക്കുക. പകരം പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തുക.
ഭക്ഷണം വിശപ്പ് മാറ്റമുള്ളതാണ്, ടെന്‍ഷന്‍ കുറയ്ക്കാനും പ്രതികാരം ചെയ്യാനുമുള്ള പോംവഴി അല്ല. ഭക്ഷണം കഴിച്ച് കഴിച്ച് ഒടുവില്‍ ആത്മഹത്യ ചെയ്യണോ എന്നു സ്വയം തീരുമാനിക്കൂ.