ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (16:04 IST)
രാജ്യത്ത് ബലാത്സംഗം തടയാന്‍ എന്തൊക്കെ മാര്‍ഗങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തണമെന്ന ആലോചന കൂലങ്കഷമായി നടക്കുകയാണ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ എന്ന നിലയില്‍ രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം തലസ്ഥാനനഗരിയായ ഇന്ദ്രപ്രസ്ഥത്തില്‍ ആദ്യ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 300 ബലാത്സംഗ കേസുകളാണ്. സ്ത്രീകള്‍ക്ക് എതിരെ അപമര്യാദയായി പെരുമാറിയതിന് 500 കേസുകളാണ് വര്‍ഷാദ്യത്തെ രണ്ടു മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളും ബലാത്സംഗത്തിന് എതിരെയുള്ള പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ രാജ്യത്ത് ബലാത്സംഗങ്ങളും വര്‍ദ്ധിക്കുന്നതായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരകാര്യസഹമന്ത്രി കിരണ്‍ റിജ്ജു ആണ് രാജ്യസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചത്.
സ്ത്രീകളുടെ സുരക്ഷ എന്നത് ഈ സര്‍ക്കാരിനെ സംബന്ധിച്ച് മാത്രമല്ല ഏത് സര്‍ക്കാരിനെ സംബന്ധിച്ചും പ്രധാനമാണ്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ഫലം കാണുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 2013ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2013മുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു. 300 മുതല്‍ 400 ശതമാനം വരെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത്.
കേസുകള്‍ ഇത്തരത്തില്‍ ഉയരുന്നതില്‍ സര്‍ക്കാരിന് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാന്‍ കാര്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കായി പൊലീസ് സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്ക് ഒരുക്കുന്നത് അടക്കമുള്ള നടപടികള്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ലൈംഗികപീഡനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഐ പി സിയില്‍ ഇക്കാര്യം ഉറപ്പു വരുത്തുന്നുണ്ട്. ഇക്കാരണത്താലാവാം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ പൊലിസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കായി ഹെല്‍പ് ഡെസ്ക്, സഹായം തേടാന്‍ ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെ പന്ത്രണ്ടോളം നടപടികള്‍ സ്വീകരിച്ചതായും മന്ത്രി രാജ്യസഭയെ അറിയിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് ഇതില്‍ എന്തൊക്കെ ഫലപ്രദമായി നടപ്പാകുമെന്നാണ്.