ഫ്രാന്‍സില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന് കൊല്‍ക്കത്തയുമായി ബന്ധം

കൊല്‍ക്കത്ത| Joys Joy| Last Modified ശനി, 10 ജനുവരി 2015 (13:17 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യമാസികയായ ‘ചാര്‍ളി ഹെബ്‌ദോ’യുടെ ഓഫീസില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന് കൊല്‍ക്കത്തയുമായി ഒരു ചെറിയ ബന്ധമുണ്ട്. 2005ല്‍ കൊല്‍ക്കത്തയില്‍ നടന്ന പുസ്തകോത്സവത്തില്‍ സന്ദര്‍ശകന്‍ ആയിരുന്നു ടിഗ്‌നോസ് എന്ന് വിളിക്കപ്പെടുന്ന ബെര്‍ണാര്‍ഡ് വെര്‍ഹ്‌ലാക് എന്ന കാര്‍ട്ടൂണിസ്റ്റ്. രണ്ട് ആഴ്ച കൊല്‍ക്കത്തയില്‍ ചെലവഴിച്ച അദ്ദേഹം കൊല്‍ക്കത്തയെ കാരിക്കേച്ചര്‍ ആക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് അലൈന്‍സ് ഫ്രാന്‍കൈസ് ഡു കൊല്‍ക്കത്തയുടെ പ്രസിഡന്റ് ആയിരുന്നു നീല മജുംദാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന സമയത്ത് അദ്ദേഹത്തിന് 48 വയസ്സ് ആയിരുന്നു. മറ്റു രണ്ടു ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റുകളും ഭാര്യയും അദ്ദേഹത്തോടൊപ്പം അന്ന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അന്ന് ഗര്‍ഭിണി ആയിരുന്നെന്നും നീല മജുംദാര്‍ അനുസ്മരിക്കുന്നു.

അലൈന്‍സ് ഡയറക്‌ടര്‍ ആയിരുന്ന നിക്കോളസ് ബ്ലാസ്‌കിസിന്റെ ക്ഷണപ്രകാരമായിരുന്നു ഈ കാര്‍ട്ടൂണിസ്റ്റുകള്‍ കൊല്‍ക്കത്തയില്‍ എത്തിയത്. നിക്കോളസിന്റെ ഒപ്പം ഒരിക്കല്‍ കൂടി കൊല്‍ക്കത്തയിലേക്ക് വരാന്‍ ടിഗ്‌നോസ് ആഗ്രഹിച്ചിരുന്നതായും നീല മജുംദാര്‍ അനുസ്മരിച്ചു.

ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും എഴുതാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും എഴുതാതെ നാല് കൈകളുള്ള ഗണപതിയുടെ രേഖാചിത്രം വരയ്ക്കുകയും അതിന് തൊട്ടപ്പുറത്ത് പാവപ്പെട്ട മദര്‍ തെരേസയ്ക്ക് രണ്ടു കൈകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കുത്തിക്കുറിക്കുകയും ചെയ്തിരുന്നെന്നും നീല അനുസ്മരിച്ചു.

നീലയ്ക്കൊപ്പം ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ ഫാബ്രിക് എറ്റീനെയും ടിഗ്‌നോസിനെ അനുസ്മരിച്ചു. പുസ്തകോത്സവത്തിന്റെ സമയത്ത് ടിഗ്‌നോസിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ എല്ലാ ജനങ്ങള്‍ക്കും അറിയാവുന്നവരാണ് ഈ കാര്‍ട്ടൂണിസ്റ്റുകളെന്ന് അദ്ദേഹം അനുസ്മരിച്ചു. ബാല്യകാലം മുതലേ ടിഗ്‌നോസിനെ അറിയാമായിരുന്നു. തങ്ങളുടെയൊക്കെ ബാല്യകാലത്തിന്റെ ഭാഗമായിരുന്നു ടിഗ്‌നോസ് എന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത് 12 പേര്‍ അല്ലെന്നും തങ്ങളുടെ ജനാധിപത്യത്തിന്റെ ഹൃദയമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :