‘ചാര്‍ളി ഹെബ്‌ദോ’ ഓണ്‍ലൈനില്‍ കിട്ടും; ഒരു കോപ്പിക്ക് അഞ്ചുലക്ഷം രൂപ

പാരിസ്| Last Modified വെള്ളി, 9 ജനുവരി 2015 (14:24 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ‘ഷാര്‍ളി ഹെബ്‌ദോ’ ഓണ്‍ലൈനില്‍ ലഭിക്കും. പക്ഷേ, വില ഇത്തിരി കൂടുമെന്ന് മാത്രം. മാസികയുടെ പാരിസിലെ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തോടെ മാസികയ്ക്ക് ഓണ്‍ലൈനില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

മാസികയുടെ ഏറ്റവും പുതിയ കോപ്പി ഓണ്‍ലൈനില്‍ ലേലത്തില്‍ വെച്ചപ്പോഴാണ് 82, 400 യു എസ് ഡോളര്‍ ഏകദേശം 5,133,254 രൂപ വാഗ്‌ദാനം ലഭിച്ചത്. ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വാരികയുടെ 1177 ആം പതിപ്പിന്റെ അച്ചടിച്ച 60,000 കോപ്പികളും വിറ്റു തീര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മാസികയുടെ കോപ്പികള്‍ ഓണ്‍ലൈനില്‍ ലേലത്തിനെത്തിത്.

'ചാര്‍ളി ഹെബ്‌ദോ'യുടെ കോപ്പികള്‍ വില്‍ക്കാനുണ്ടെന്ന 80 ഓളം പരസ്യങ്ങളാണ് ഓണ്‍ലൈന്‍ ലേല വെബ്‌സൈറ്റായ 'ഇ ബെ'യില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 50,000 യൂറോ (3,677,690 രൂപ) വരെ മുടക്കി നിമിഷങ്ങള്‍ക്കകം കോപ്പികള്‍ പലരും സ്വന്തമാക്കി.

ഏറ്റവും പുതിയ പതിപ്പിന് പുറമെ വിവാദമായ മുന്‍ പതിപ്പുകളും സ്വന്തമാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനുള്ള എഡിഷന്റെ പത്തുലക്ഷം പതിപ്പുകള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് 'ചാര്‍ളി ഹെബ്‌ദോ' പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :