പര്‍ദ്ദ: മുസ്ലീം സംഘടനകള്‍ വിധി അനുകൂലിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
വോട്ടര്‍ ഐഡി കാര്‍ഡിനു വേണ്ടി മുസ്ലീം സ്ത്രീകളുടെ പര്‍ദ്ദയണിയാത്ത ഫോട്ടോ വേണമെന്ന സുപ്രീംകോടതി നിരീക്ഷണത്തെ വിവിധ മുസ്ലീം സംഘടകള്‍ അനുകൂലിച്ചു. അവശ്യ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നതിനെ എതിര്‍ക്കണ്ട എന്നാണ് സംഘടനകളുടെ നിലപാട്.

ഹജ്ജിന് പോകുമ്പോള്‍ ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത നിലയ്ക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഫോട്ടോ എടുക്കുന്നതിനെ പ്രതിരോധിക്കേണ്ട ആവശ്യമില്ല. ഇക്കാര്യം വൈകാരിക പ്രശ്നമാക്കേണ്ട കാര്യമില്ല, മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു.

ചില മുസ്ലീം പുരോഹിതര്‍ സുപ്രീംകോടതി ഉത്തരവിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വോട്ടര്‍ ഐഡിയുടെ പ്രാധാന്യത്തെ കുറിച്ച് സമുദായത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫറൂഖി പറഞ്ഞു.

ശരിയത്ത്, ഇസ്ലാമിക് നിയമപ്രകാരം പര്‍ദ്ദ ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അതിന് ഉപാധികളോടെ ഇളവ് നല്‍കാമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിലെ മുതിര്‍ന്ന അംഗം നയിബ് ഇമാം അഭിപ്രായപ്പെട്ടു.

പ്രത്യേക ആവശ്യങ്ങള്‍ക്കായി മുസ്ലീം സ്ത്രീകള്‍ക്ക് മുഖം പ്രദര്‍ശിപ്പിക്കാനാവുമെന്നാണ് ജമിയത്-ഉലെമ-ഇ-ഹിന്ദ് വക്താവ് അബ്ദുള്‍ ഹമിദ് നൊമാനി അഭിപ്രായപ്പെട്ടത്.

പര്‍ദ്ദ ധരിച്ചാല്‍ വ്യക്തികളെ തിരിച്ചറിയാനാവില്ലെന്നും അതിനാല്‍ പര്‍ദ്ദ ധരിച്ചുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കാനാവില്ല എന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :