എസ് എം ഇ റാഗിങ് കേസിലെ പ്രതികളുടെ ശിക്ഷ കോടതി ഇന്നു വിധിക്കും. കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയത്തെ പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍നായര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികളായി കോടതി കണ്ടെത്തിയ ഒന്നും രണ്ടും മൂന്നും പ്രതികളായ രഞ്‌ജിത്ത് വര്‍ഗ്ഗീസ്, ഷെറിന്‍, ഷെഫീക്ക് എന്നിവരുടെ ശിക്ഷയാണ് ഇന്നു വിധിക്കുക. 2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ് ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്.
ഇതില്‍, നാലു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികളെ വെറുതെവിട്ടു. കേസുമായി നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ വെറുതെ വിട്ടത്. കുറ്റക്കാര്‍ക്കെതിരെ കൂട്ടബലാത്സംഗം, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍, റാഗിങ് നിരോധന നിയമം എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആറു വിദ്യാര്‍ത്ഥികളെക്കൂടാതെ സംഭവകാലത്തെ എസ് എം ഇ കോളജ് പ്രിന്‍സിപ്പല്‍, ഡയറക്ടര്‍, കോട്ടയം മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം മേധാവി എന്നിവരും കേസില്‍ പ്രതികളായിരുന്നു.
ആറ് വിദ്യാര്‍ത്ഥികളും സ്ഥാപന മേധാവികളുമടക്കം ഒമ്പത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നതായിരുന്നു സ്ഥാപനമേധാവികള്‍ക്കെതിരായ കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് കേസില്‍ 27 സാക്ഷികളെ വിസ്‌തരിച്ചു. കോട്ടയം ഈസ്‌റ്റ് സി ഐ ആയിരുന്ന വി ജി വിനോദ്കുമാറിനായിരുന്നു കേസ് അന്വേഷണത്തിന്‍റെ ചുമതല. 2006 ജനുവരി 17ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീണ്ടു പോവുകയായിരുന്നു.