അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന്‍റെ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ സുഖ്‌റാമിന് പരമാവധി ശിക്ഷയായ ഏഴ് വര്‍ഷം തടവ് നല്‍കണമെന്നാണ് സി ബി ഐയുടെ വാദം. എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിന്‍റെയും എച്ച് ഡി ദേവഗൌഡയുടെയും രാഷ്ട്രീയ വൈരത്തിന്‍റെ ഇരയാവുകയായിരുന്നു താനെന്നുമായിരുന്നു സുഖ്‌റാമിന്‍റെ വാദം.
1991-96 കാലയളവില്‍ നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്ന സുഖ്‌റാം 5.36 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്ന് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അഴിമതി നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരം സുഖ്‌റാം കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 1996ല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്ന 3.6 കോടി രൂപ സിബിഐ അധികൃതര്‍ കണ്ടെടുത്തിരുന്നു.
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായിരിക്കെ ഹിമാചലിലെ ചില കമ്പനികള്‍ക്ക് ടെലികോം ഉപകരണ വിതരണകരാര്‍ ക്രമവിരുദ്ധമായി നല്‍കിയതിനെച്ചൊല്ലിയും സുഖ്‌റാമിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട സുഖ്‌റാം ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.