ന്യൂഡല്‍ഹിയിലെ ഒരു ജിം പരിശീലകന്റെ പേരില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സ്വന്തമാക്കിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് അജ്ഞാതന്‍ വധഭീഷണി അയച്ചതെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജേക്കബ് ജോസഫിന്റെ മൊബൈലില്‍ ആയിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശം ഡല്‍ഹിയിലെ ഹരിനഗറില്‍ നിന്ന് അയച്ചതാണെന്ന് കണ്ടുപിടിച്ച പൊലീസ് ജിം പരിശീലകനെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നിരപരാധി ആണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് വിട്ടയച്ചിരിക്കുകയാണ്.
ഇതേ സിം കാര്‍ഡില്‍ നിന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടിന് അസംബന്ധ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ഹരിനഗറിലെ താമസക്കാരനും കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബിലെ ട്രെയിനറുമായ മണിക് വര്‍മ്മയെ ആണ് ഭീഷണി എസ്എംഎസ് അയച്ചതുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തതും പിന്നീട് വിട്ടയച്ചതും.