ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യക്കാരന് മര്‍ദ്ദനം

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (10:45 IST)
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ല. 24 കാരനായ ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ കഴിഞ്ഞ ദിവസം രാത്രി മര്‍ദ്ദനത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായി.

സംഭവവുമായി ബന്ധപ്പെട്ട് 48 കാരനായ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ടാക്സിക്ക് കേടുവരുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വിക്ടോറിയന്‍ നഗരമായ ബല്ലാരറ്റിലാണ് സംഭവം നടന്നത്. യാത്രക്കാരനില്‍ നിന്നുള്ള അധിക്ഷേപം ശക്തമായതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ ഒരു സര്‍‌വീസ് സ്റ്റേഷനില്‍ അഭയം തേടി. എന്നാല്‍, ഇയാളെ പിന്തുടര്‍ന്ന് എത്തിയ യാത്രക്കാരന്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വക്താവ് വെളിപ്പെടുത്തി.

ബെല്ലാരറ്റിനു സമീപമുള്ള നാവിഗേറ്റര്‍ സ്വദേശിയാണ് പൊലീസ് പിടിയിലായത്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ഇതിനിടെ, ഓസ്ട്രേലിയയുടെ പ്രാന്ത പ്രദേശങ്ങളില്‍ ക്രിമിനല്‍ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നും അതിനെ നേരിടേണ്ടത് ഓസ്ട്രേലിയന്‍ സര്‍ക്കാരാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. വംശീയ പ്രശ്നം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന രീതി ശരിയല്ല. ഓസ്ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്നത് നിയമവാഴ്ചയുടെ പ്രശ്നമാണ്. അത് ആഭ്യന്തരമായി പരിഹരിക്കേണ്ടതാണെന്നും അതേസമയം ഇത്തരം പ്രശ്നങ്ങള്‍ ഓസ്ട്രേലിയയിലെ ഇന്ത്യക്കാരെ ബാധിക്കരുത് എന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ‘ദ ഏജ്’ പ്രസിദ്ധീകരിച്ച ഒരു എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടിലാണ് തരൂരിന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :