മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിദേശ നയങ്ങളെ താന്‍ വിമര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. തന്‍റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തരൂര്‍. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തിരുത്ത് നല്‍കാന്‍ തയ്യാറാവണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് എം പി ബിഖു പരേഖിന്‍റെ പരാമര്‍ശങ്ങള്‍ എന്‍റേതെന്ന രീതിയിലാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രഫഷണല്‍ സമീപനമല്ല. ഉത്തരവദിത്തരഹിതമായ റിപ്പോര്‍ട്ടിംഗ് എന്നേ ഇതിനെ വിശേഷിപ്പിക്കാനാവു. ഡല്‍ഹിയില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഞാന്‍ പങ്കെടുത്തത്. അവിടെ ഗൌരവപൂര്‍ണമായ ചര്‍ച്ചകളാണ് നടന്നത്. ആ ചര്‍ച്ചകളെ ഉപസംഹരിക്കുക എന്നതായിരുന്നു എന്‍റെ ദൌത്യം. അതിനെയാണ് മാധ്യമങ്ങള്‍ എന്‍റെ വാക്കുകളായി വളച്ചൊടിച്ചത്-തരൂര്‍ പറഞ്ഞു.

നെഹ്രുവിന്റെയും ഗാന്ധിജിയുടെയും വിദേശ നയത്തെ താന്‍ വിമര്‍ശിച്ചു എന്നാണ്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ ഗാന്ധിജി ഇന്ത്യയുടെ വിദേശനയത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇത്തരം വിഡ്ഢിത്തങ്ങള്‍ താന്‍ പറയില്ല. അദ്ദേഹം പറഞ്ഞു.

നേരത്തെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ ശശി തരൂര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്‌. തരൂരിന്‍റെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :