ന്യൂഡല്‍ഹി|
Last Modified വ്യാഴം, 24 ഡിസംബര്‍ 2015 (14:40 IST)
ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. തുടക്കമെന്നോണം ജനുവരി ഒന്നുമുതല്‍ 15 വരെ നിയന്ത്രണമുണ്ടാകും. ഒറ്റ, ഇരട്ട അക്കങ്ങളിലുള്ള രജിസ്ട്രേഷന് നമ്പരുകള്‍ അനുസരിച്ച് ഇടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തിലിറക്കാവുന്ന രീതിയിലാണ് നിയന്ത്രണം വരുന്നത്.
നിയമം ലംഘിച്ചാല്‍ 2000 രൂപയായിരിക്കും പിഴ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഈ നിയന്ത്രണം ബാധകമാണ്. തിരഞ്ഞെടുക്കപ്പെട്ട വി ഐ പികളുടെ കാറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. വനിതാ ഡ്രൈവര്‍മാര്‍, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകള്‍ തുടങ്ങിയവരെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍മാര്‍, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിയന്ത്രണത്തില്‍ ഇളവുണ്ട്.
എന്നാല്‍ താനും മന്ത്രിമാരും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അരവിന്ദ് കേജ്രിവാള് അറിയിച്ചു.