സര്‍ക്കസ് വേദികളില്‍ സ്വജീവന്‍ തൃണവല്‍ക്കരിച്ച് കാണികളുടെ ശ്വാസം നിലച്ചു പോകുന്ന തരം പ്രകടനങ്ങള്‍ നടത്തുന്ന കുട്ടി സര്‍ക്കസ്സുകാര്‍ക്ക് കോടതിയുടെ വിലക്ക്. കുട്ടികളെ സര്‍ക്കസ്സില്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തില്‍ ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍, സര്‍ക്കസ്സില്‍ കുട്ടികളെ പണിയെടുപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ ദല്‍ബീര്‍ ഭണ്ഡാരി, ദീപക് വര്‍മ്മ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
സര്‍ക്കസ്സുകള്‍ റെയ്ഡ് ചെയ്ത് കുട്ടികളെ മോചിപ്പിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറുന്നതിനുമുള്ള പദ്ധതി തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യവിഭവശേഷി വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും പുനരധിവാസത്തിനു വേണ്ട പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.