രണ്ടുരൂപയ്ക്ക് അരി: ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി| WEBDUNIA|
PRO
സംസ്ഥാന സര്‍ക്കാരിന് രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ. നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പദ്ധതി നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം‍കോടതിയുടെ വിധി.

രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ നിര്‍ത്തി വെയ്ക്കണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
പദ്ധതി നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദ്ദേശം നല്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അധികാരമുണ്ടോയെന്ന്‌ പിന്നീട്‌ പരിഗണിക്കും. നടപടി പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ തടയുന്നതല്ലെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടി ഏകപക്ഷീയമെന്ന്‌ പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

യു ഡി എഫിന്റെ പരാതിയെ തുടര്‍ന്ന്‌ രണ്ടു രൂപയ്ക്ക്‌ അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ഇടത് എം എല്‍ എയായ രാജാജി മാത്യു തോമസ്‌ നല്‍കിയ ഹര്‍ജിയിലായിരുന്നു പദ്ധതി തുടരാമെന്നു ഹൈക്കോടതി വിധിച്ചത്‌.

ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയായിരുന്നു കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജാജി മാത്യു തോമസ് സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്കിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :