ഇന്ത്യയില്‍ 5 വര്‍ഷത്തിനിടെ 555 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്. 2009 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 15 വരെയുള്ള കണക്കു പ്രകാരമാണിത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് ഉത്തര്‍ പ്രദേശിലാണ്. 138 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നടന്നിരിക്കുന്നത്.
യുപിയിലെ 138 കേസുകളില്‍ 30 എണ്ണം 2009-10ല്‍, 40 എണ്ണം 2010-11ല്‍, 42 എണ്ണം 2011-12ല്‍, 26 എണ്ണം 2013ല്‍ (ഫെബ്രുവരി വരെ) എന്നിങ്ങനെയാണ് വര്‍ഷം തിരിച്ചുള്ള കണക്ക്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ രണ്ടാം സ്ഥാനം മണിപ്പൂരിനാണ്. 62 കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്തത്.
അസം-52, ബംഗാള്‍-35, ജാര്‍ഖണ്ഡ്-30, ഛത്തീസ്ഗഡ്-29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കണക്ക്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ 201 കേസുകളില്‍ 11.43 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.