അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ നവജാത ശിശുക്കളുടെ മരണം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ നവജാത ശിശുക്കളുടെ മരണവും മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ട് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അട്ടപ്പാടിയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുകയും ചെയ്തിരുന്നു. അട്ടപ്പാടിയിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ്‌ പന്ത്രണ്ടിന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത്‌ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചു.

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയുടെ കാര്യത്തില്‍ ബീഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ പരിതാപകരമാണ് അട്ടപ്പാടിയിലെ കാര്യമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ പറഞ്ഞിരുന്നു.

ഉച്ചഭക്ഷണ പദ്ധതി കര്‍ശനമായി നടപ്പാക്കണം. പോഷകാഹാരക്കുറവ്‌ ഗൗരവമായി കാണേണ്ട വിഷയമാണ്. പോഷകാഹാരക്കുറവുളള കുട്ടികളെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കണം. ഗര്‍ഭിണികളായ 900 സ്‌ത്രീകളുടെയും ഒരു വയസ്സില്‍ താഴെയുളള കുട്ടികളുടെയും പട്ടിക അടിയന്തരമായി തയ്യാറാക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ആഴ്‌ചയും എല്ലാ ആദിവാസി ഊരുകളും സന്ദര്‍ശിക്കണം. ഇവിടങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ആദിവാസികള്‍ക്ക് നഷ്‌ടപ്പെട്ട ഭൂമി ആറ്‌ മാസത്തിനുളളില്‍ തിരികെ നല്‍കണമെന്നും കേന്ദ്രം ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :