തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിഞ്ഞില്ല; തമിഴ്നാട്ടിൽ വിജയ്ക്കെതിരെ പ്രതിഷേധം
മധുരൈയിലെ തിരുപ്പരങ്കുന്ദ്രം മലയില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും മലമുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും തമ്മിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദത്തിന്റെ അടിസ്ഥാനം.
Updated: Wed, 25 Nov 2026 (11:55 IST)
തിരുപ്പരങ്കുന്ദ്രം മലമുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പായില്ല. നവംബര്‍ 24-ന് ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയിട്ടും, വിവാദമായ ദീപത്തൂണില്‍ ചടങ്ങ് നടന്നില്ല. പതിവുപോലെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്താണ് ദീപം തെളിയിച്ചത്. നവംബര്‍ 24ന് കാര്‍ത്തിക ദീപം തെളിയിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടും അധികൃതര്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ഹൈന്ദവ സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നും ഇത് മുസ്ലീം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും ഹൈന്ദവ സംഘടനകളും ബിജെപിയും വാദിക്കുന്നു.
പൊലീസുമായി സംഘര്‍ഷമുണ്ടായതോടെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. മധുരൈയിലെ തിരുപ്പരങ്കുന്ദ്രം മലയില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും മലമുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും തമ്മിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദത്തിന്റെ അടിസ്ഥാനം. ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ആവശ്യമാണ് പുതിയ നിയമപോരാട്ടത്തിന് വഴിവെച്ചത്. 1996-ലെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് ദീപം തെളിയിച്ചിരുന്നത്.
എന്താണ് തിരുപ്പരങ്കുന്ദ്രം ദീപം വിവാദം?
മധുരയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പരങ്കുന്ദ്രം മല. മലയുടെ അടിവാരത്ത് പ്രസിദ്ധമായ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകള്‍ഭാഗത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും സ്ഥിതിചെയ്യുന്നു. ജൈന പൈതൃകവുമായി ബന്ധപ്പെട്ട ഗുഹകളും ശിലാശയ്യകളും മലയില്‍ കാണാം. മലമുകളിലെ ദര്‍ഗയ്ക്ക് ഏകദേശം 50 മീറ്റര്‍ അകലെയാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായ കല്ത്തൂണ്. ഇതാണ് 'ദീപത്തൂണ്‍' എന്നറിയപ്പെടുന്നത്.
ഹിന്ദു വിശ്വാസികളുടെ വാദം അനുസരിച്ച് ഈ കല്തൂണ് കാര്‍ത്തിക ദീപം തെളിയിക്കുന്നതിനുള്ള പരമ്പരാഗത സംവിധാനമാണ്. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപം മാത്രമല്ല മലമുകളിലെ ദീപത്തൂണിലും ദീപം തെളിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മതപരമായ ആചാരം പുനസ്ഥാപിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും വാദം. എന്നാല്‍ ദീപത്തൂണില്‍ ദീപം തെളിക്കുന്നതിന് തുടര്‍ച്ചയായതും സ്ഥാപിതവുമായ ആചാരാവകാശം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം മുസ്ലീം ദര്ഗയ്ക്കാണെന്നും പതിറ്റാണ്ടുകളായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് ദീപം തെളിച്ചുവരുന്നതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിജയ്ക്ക് മുന്‍പുണ്ടായിരുന്ന ഡിഎംകെ സര്‍ക്കാരും സമാന വാദമാണ് ഉയര്‍ത്തിയിരുന്നത്.
വര്‍ഷങ്ങളായി കോടതിയില്‍ തര്‍ക്കവിഷയമായി നിലനിന്നിരുന്ന തിരുപ്പരങ്കുന്ദ്രവുമായി ബന്ധപ്പെട്ട വിവാദം 2025ല്‍ ഒരു വിഭാഗം വിശ്വാസികള്‍ 2025ലെ ഡിസംബര്‍ 3ലെ കാര്‍ത്തിക ദീപത്തിന് ദീപത്തൂണില്‍ വിളക്ക് തെളിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് മദ്രാസ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ദീപത്തൂണില്‍ ദീപം തെളിക്കാന്‍ ക്ഷേത്ര ഭരണസമിതിക്ക് നിര്‍ദേശം നല്കി. പൊലീസ് സംരക്ഷണത്തോടെ ചടങ്ങ് നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയമ പ്രശ്നങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കോടതിയുത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ദീപം തെളിക്കാന്‍ തയ്യാറായില്ല. 2026 ജനുവരി 6ന് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് മുന്‍ ഉത്തരവിനെ ശരിവെച്ചു. കല്ത്തൂണ് ദീപത്തൂണാണെന്ന വാദത്തിന് അനുകൂലമായ നിരീക്ഷണങ്ങളും നടത്തി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മലമുകളിലേക്ക് പ്രവേശനം അനുവദിക്കാതെ ക്ഷേത്രത്തിലെ പരിമിതമായ ഉദ്യോഗസ്ഥസംഘത്തിന് ദീപം തെളിക്കാമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ഏകോപനം നടത്തണമെന്നും പുരാവസ്തു വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.
വിഷയത്തില്‍ 2026 ജൂണില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാരും ഹിന്ദു മത-ധാര്‍മിക എന്‍ഡോവ്മെന്റ് വകുപ്പും അപ്പീല്‍ നല്കി. ദര്‍ഗയുടെ പ്രതിനിധികളും മറ്റ് കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കുകയും കാര്‍ത്തിക ദീപം അടുത്തിരിക്കെ കേസില്‍ അടിയന്തര പരിഗണന നല്‍കുകയും ചെയ്തു. നവംബര്‍ 24ന് ദീപത്തൂണില്‍ ഒരു തവണ ദീപം തെളിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. ക്ഷേത്രം അധികാരപ്പെടുത്തിയ പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമേ അവിടെ എത്താവൂ. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് കാണിച്ച് 2026 നവംബര്‍ 21ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയും ചെയ്തു. ഇതിനിടെ ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയും നിര്‍ദേശിച്ചു. എന്നിട്ടും ദീപത്തൂണില്‍ വിളക്ക് തെളിച്ചില്ല. ഇതോടെയാണ് പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുന്നത്.
ALSO READ: യുപിയിൽ 60 എ ഗ്രേഡ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിജയത്തിൽ വിട്ടുവീഴ്ചയ്ക്കില്ല, ഉപാധികൾ വെച്ച് സമാജ്വാദി പാർട്ടി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക