സ്മൃതികളുറങ്ങുന്ന കാട്ടാത്തിപ്പാറ

kattathipara
WDWD
ഐതിഹ്യപ്പെരുമയുടെ നിറവില്‍ കരിവീരന്‍റെ ഗാംഭീരൃത്തോടെ വനമധ്യേ നില കൊള്ളുന്ന കാട്ടാത്തിപ്പാറ വിനോദസഞ്ചാരികള്‍ക്ക് വിസ്മയമാവുന്നു. കോന്നി-കൊക്കാത്തോട് റൂട്ടില്‍ അള്ളുങ്കല്‍ എന്ന സ്ഥലത്താണ് പ്രകൃതിസുന്ദരദൃശ്യങ്ങളുടെ വിരുന്നൊരുക്കി കാട്ടാത്തിപ്പാറ നമ്മെ കാത്തിരിക്കുന്നത്.

കോന്നിയില്‍ നിന്ന് കൊക്കാത്തോട്ടിലേയ്ക്ക് നീളുന്ന ദുഷ്കരമായ പാതയിലൂടെ അള്ളുങ്കല്‍ എത്താന്‍ ജീപ്പ് സര്‍വീസ് മാത്രമാണ് ആശ്രയം. കോന്നിയില്‍ നിന്നും കല്ലേലി വരെ ബസ് സര്‍വീസ് നടത്തുന്നുണ്ടെന്നതൊഴിച്ചാല്‍ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വനമേഖല ഇന്നും അവഗണിക്കപ്പെട്ടനിലയില്‍ത്തന്നെ.

കല്ലേലിയില്‍ നിന്നും നദി കടന്നാണ് കൊക്കാത്തോട്ടിലേയ്ക്കുള്ള യാത്ര. വര്‍ഷകാലമായാല്‍ നദി കടന്നുള്ള യാത്ര അസാദ്ധ്യമാവും. കൊക്കാത്തോട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലുമാവും.

ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര നമ്മെ അലോസരപ്പെടുത്തുന്നില്ല. ഒത്തിരിയൊത്തിരി കഥകള്‍ ആരോടെങ്കിലും പറയാന്‍ പാതയോരത്ത് അക്ഷമയോടെ കാത്തുനില്‍ക്കുന്ന ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളും അതിന്മേല്‍ സ്വപ്നം കണ്ടുമയങ്ങുന്ന പക്ഷികളും സംഗീതം പൊഴിക്കുന്ന കാട്ടരുവിയുമെല്ലാം യാത്രയ്ക്കിടയിലെ അപൂര്‍വ സൗഭാഗ്യങ്ങളാവുന്നു.

കോന്നിയില്‍നിന്നും അള്ളുങ്കലില്‍ യാത്രയുടെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ 50 മിനിട്ട് കടന്നുപോയത് നാമറിഞ്ഞിട്ടുണ്ടാവില്ല. കാട്ടാത്തിപ്പാറയുടെ വന്യഭംഗി അടുത്തറിയാന്‍ ഇനി കാല്‍നടയാത്ര.

ഒരുമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ സ്മൃതികളുറങ്ങുന്ന കാട്ടാത്തിപ്പാറയുടെ നെറുകയിലെത്തുകയായി നാം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :