പച്ചപുതപ്പണിഞ്ഞ് തലയുയര്‍ത്തിനില്‍ക്കുന്ന വയനാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ചേമ്പ്രകൊടുമുടി. ഉയരം സമുദ്രനിരപ്പില്‍നിന്ന് 2100 മീറ്റര്‍. വയനാട്ടിലെ ഏറ്റവും ഉയരമുള്ള പ്രദേശം. എവിടെ നോക്കിയാലും കാണുന്ന പച്ചപ്പ് ഒട്ടൊന്നുമല്ല സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നത്.
കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ കൊടുമുടിയില്‍ എത്താം. യാത്ര ഒരു ദിവസം നീണ്ടുനില്‍ക്കും. ചെങ്കുത്തായതും വളഞ്ഞുപുളഞ്ഞു കിടക്കുന്നതുമായ ചെമ്പ്ര കൊടുമുടിയിലുള്ള യാത്ര ഒരു അവിസ്മരണീയ അനുഭവമായിരിക്കും.
താല്‍ക്കാലികമായി കെട്ടിയുണ്ടാക്കാവുന്ന കൂടാരങ്ങളില്‍ രണ്ടുദിവസം കഴിയാം. ടെന്‍റുകളും കിടക്കകളും മറ്റും ജില്ലാ ടൂറിസം കൗണ്‍സിലില്‍ നിന്ന് വാടകയ്ക്കെടുക്കാവുന്നതാണ്. സാഹസികതയോടെ കൊടുമുടി കീഴടക്കുന്ന ഒരു സഞ്ചാരിയുടെ മാനസികാവസ്ഥയാവും ഒരോ സഞ്ചാരിക്കും അനുഭവപ്പെടുക. ചേമ്പ്രയ്ക്ക് കീരീടമായി, കൊടുംചൂടിലും വറ്റാത്ത നീരുറവ സ്ഫടിക തുല്യം വെട്ടിതിളങ്ങുന്നു.
വയനാടിന്‍െറ മുഴുവന്‍ സൗന്ദര്യം ആസ്വദിക്കാന്‍ പ്രകൃതിതന്നെ നല്‍കിയ സമ്മാനമാണോ ചേമ്പ്ര.? ആയിരിക്കാം. ഈ കൊടുമുടിയില്‍ മുകളില്‍ നിന്ന് വയനാട് മുഴുവന്‍ കാണാന്‍ കഴിയും. രാത്രിയില്‍ അനുഭവപ്പെടുന്ന കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ തീക്കായാം
ചെങ്കുത്തായ കയറ്റങ്ങളും പാറക്കൂട്ടങ്ങളും താണ്ടുമ്പോള്‍ വന്യമൃഗങ്ങളെയും കാണാം. പുള്ളിപുലി മാനുകള്‍, കാട്ടുപന്നികള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. നിങ്ങളുടെ ഒഴിവുദിനങ്ങളും അവധികാലങ്ങളും അവിസ്മരണീയമാക്കാന്‍ ചേമ്പ്ര കൊടുമുടി യാത്രയ്ക്ക് കഴിയും.
പൂക്കോട് തടാകം, എടയ്ക്കല്‍ ഗുഹ, പഴശ്ശിസ്മാരകം, മുത്തങ്ങ, തിരുനെല്ലിക്ഷേത്രം, പക്ഷിപാതാളം, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളാണ് വയനാട്ടിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍.