മൂന്നാറിന്‍െറ പ്രകൃതിഭംഗി

WEBDUNIA|
ഇത് മൂന്ന് ആറുകളുടെ സംഗമസ്ഥാനം; മൂന്നാര്‍. പച്ചവിരിച്ച ഭൂമി. മലമുളില്‍നിന്നു വരുന്ന കൊച്ചുപുഴകളായ മധുരപ്പുഴ, നല്ലതാനി ,കുണ്ടല എന്നിവയാണ് മൂന്നാറില്‍ സമ്മേളിക്കുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണീയത പച്ചപുതച്ചുനില്‍ക്കുന്ന മലഞ്ചെരിവുകളും തേയിലത്തോട്ടങ്ങളും; അവയോട് ചേര്‍ന്നുനില്‍ക്കുന്ന കാടുകളുമാണെന്ന് വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെടുമ്പോഴും കണ്ണിനു കുളിര്‍മ്മയായി ഇനിയുമുണ്ട് ധാരാളം കാഴ്ചകള്‍.

ദേവീകുളം, മാട്ടുപ്പെട്ടി തടാകം, രാജാമല, ടോപ്പ് സ്റ്റേഷന്‍, മറയൂര്‍, ചിന്നാര്‍ വന്യമൃഗസങ്കേതം എന്നിവ ഇവയില്‍ ചിലതുമാത്രം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1,800 മീറ്റര്‍ മുകളിലാണ് സംസ്ഥാനത്തെ ആദ്യ സുഖവാസ കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നാര്‍.

മൂന്നാറില്‍ നിന്നു 12 കിലോമീറ്ററകലെയാണ് ഇന്തോ-സ്വിസ് സംരഭമായ കാറ്റില്‍ ആന്‍റ് ഫോഡര്‍ ഡവലപ്പ് മെന്‍റ്. ആലുവാ-മൂന്നാര്‍ റോഡിലെ വളാകൂത്ത് വെള്ളച്ചാട്ടം കാണാം. ടോപ്പ് സ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ പച്ചയണിഞ്ഞുകിടക്കുന്ന തമിഴ്നാടിന്‍െറ അതിര്‍ത്തി കാണാം.

മറയൂരിലെ ചന്ദനക്കാടുകള്‍, ഗുഹകള്‍. തൂവാനത്തെ വെള്ളച്ചാട്ടങ്ങള്‍ എന്നിവ നമ്മുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയേകുന്നു. പരന്നു കിടക്കുന്ന തേയിലത്തോട്ടം പ്രധാന ആകര്‍ഷണീയതയാണ്. പച്ചകുപ്പായമണിഞ്ഞ പ്രകൃതിയുടെ പൂര്‍ണ്ണത നിങ്ങളിവിടെ കാണുന്നു.

രാജമലയിലെ വരയാടുകള്‍ ലോകപ്രസിദ്ധമാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വന്യമൃഗമാണ്വരയാടുകള്‍. ലോകത്തില്‍ മറ്റൊരിടത്തും ഇവയില്ലഎന്നു കരുതപ്പെടുന്നു.

വര്‍ഷം മുഴുവനും ലഭിക്കുന്ന നേരിയ തണുപ്പ്, പ്രകൃതി രമണീയത, ശാന്തത എന്നിവയാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരിക്ക് അനുഭവപ്പെടുക. ബ്രിട്ടീഷുകാര്‍ വേനലവധികളും ഒഴിവുദിനങ്ങളും ചെലവഴിക്കാന്‍ മൂന്നാര്‍ തന്നെ തിരഞ്ഞെടുത്തതിനു കാരണം ഇതുതന്നെയാവണം.

ഒക്ടോബര്‍ മുതല്‍ മെയ്വരെയാണ് മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഡിസംബര്‍ മാസങ്ങളില്‍ താപനില പൂജ്യം വരെയാകാറുണ്ട്.

എറണാകുളത്തില്‍ നിന്ന് 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ മുന്നാറിലെത്താം. ഏകദേശം 135 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും സൗകര്യപ്രദമായ റൂട്ടും ഇതുതന്നെ. ഇവിടെനിന്ന് ഏറണാകുളം, തേക്കടി, പളനി, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ പ്രധാന നഗരങ്ങളിലേക്കും ബസ് സര്‍വ്വീസ് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :