ശുദ്ധമലയാളം അറിയണമെങ്കില്‍ ഗുപ്തന്‍നായരുടെ എഴുത്ത് വായിക്കണമെന്ന് മധുസൂദനന്‍ നായര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. കഥയും കവിതയം നോവലുമെഴുതാതെ മധുസൂദനന്‍ നായരെപ്പോലെ മലായാളിയുടെ മനസ്സറിഞ്ഞ സാഹിത്യകാരനെക്കൊണ്ട് ഇങ്ങനെ പറയിക്കാനായതാണ് ഗുപ്തന്‍നായരുടെ സവിശേഷത.
ലേഖനങ്ങളിലൂടെയും ഗദ്യങ്ങളിലൂടെയും തന്‍റെ മനസ്സും ആശയവും മലയാളിക്ക് മുന്നില്‍ വ്യക്തതതോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഗുപ്തന്‍നായര്‍ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ അതിനുള്ള അംഗീകാരമാണ്. മലയാളം അധ്യാപകനെന്ന നിലയിലും ഗുപ്തന്‍നായരുടെ സംഭാവനകള്‍ വലുതാണ്.
രമണന്‍ പൊട്ടക്കവിതയാണെന്നും പറയാന്‍ ചങ്കൂറ്റം കാണിച്ച ഏക നിരൂപകനാണ് ഗുപ്തന്‍നായര്‍. മലയാള സാഹിത്യത്തിലെ കുലപതിമാര്‍ ഗുപ്തന്‍നായര്‍ക്കെതിരെ അണിനിരന്നപ്പോഴും താന്‍ ഉദ്ദേശിച്ചതെന്തെന്ന് മലയാളികളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്രിമത്വത്തിന്‍റെ ദുസ്വാധീനമുള്ള കൃതിയാണെന്ന് ഗുപ്തന്‍നായര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍ പിന്നീട് നാവടക്കി.
കാക്കേ, കാക്കേ കൂടെവിടെ.... മലയാളിയുടെ മനസ്സില്‍ വിവാദമായപ്പോഴും ഗുപ്തന്‍നായര്‍ പ്രതികരിച്ചു. സി.വി.കുഞ്ഞിരാമന്‍റെ കവിതയല്ല അതെന്നും ഉള്ളൂരെന്ന മഹാകവി മലയാളത്തിന് നല്‍കിയ സംഭാവനയാണ് ഇതെന്നും ഗുപ്തന്‍നായര്‍ വ്യക്തമാക്കി. അന്ത്യ നാളുകളില്‍ അദ്ദേഹത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നീങ്ങാന്‍ ഗുപ്തന്‍നായര്‍ക്കായി.