മലയാളത്തിന്‍റെ സൗകുമാര്യം തൊട്ടറിഞ്ഞ മഹാകവി. പച്ചമലയാളപ്രസ്ഥാനവും ശൃംഗാര കവിതകളും തമ്പുരാന്‍റെ തൂലികതുമ്പിലൂടെ വികാസം കൊണ്ടു. കാവ്യമധുരം കിനിഞ്ഞു നിന്ന സംഭാഷണ രീതിയിലൂടെ ശ്രദ്ധേയനായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ജന്മദിനമാണ് 18 സെപ്റ്റംബര്‍ 1864 .
വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട്. അമ്മ കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടി. മരണം 1913 ജനുവരി. കുലഗുരുവായ ഉണ്ണിയാശാനില്‍ നിന്നും അമ്മാവനായ ഗോദവര്‍മ്മത്തമ്പുരാനില്‍ നിന്നും ശിക്ഷണം നേടി. വ്യാകരണം, അലങ്കാരം, തര്‍ക്കശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പാണ്ഡിത്യം ആര്‍ജിച്ച തന്പുരാന്‍ പല സാഹിത്യകാരന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ദ്രുതകവിതാരചനയായിരുന്നു പ്രിയപ്പെട്ട വിനോദം.
വിദ്യാവിനോദിനി, മലയാള മനോരമ, രസികരഞ്ജിനി, മംഗളോദയം എന്നീ സാഹിത്യമാസികകളിലാണ് തന്പുരാന്‍റെ കൃതികള്‍ ആദ്യം പ്രസിദ്ധീകൃതമായത്. സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. സംസ്കൃത രചനകളില്‍ പ്രധാനപ്പെട്ട സുഭദ്രാഹരണം, ജരാസന്ധവധം തുടങ്ങിയ നാല് വ്യായോഗങ്ങളാണ്.
ശ്രീശങ്കര ഗുരുചരിതം തുടങ്ങിയ ഏതാനും പദ്യകൃതികള്‍ കൂടി സംസ്കൃതത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കാവ്യഭാരതം, അംബോപദേശം, തുപ്പല്‍കോളാന്പി, കേരളം, നല്ല ഭാഷ തുടങ്ങിയ കാവ്യങ്ങള്‍, നളചരിതം, സന്താനഗോപാലം തുടങ്ങിയ ഏതാനും രൂപകങ്ങള്‍, ഒട്ടേറെ ഗാഥകളും ഖണ്ഡകൃതികളും പഠനകളും - ഇവയെല്ലാം അദ്ദേഹത്തിന്‍റെ സ്വതന്ത്രരചനകളാണ്. ഇവയില്‍ പലതും ദ്രുതകവിതകളായി രചിക്കപ്പെട്ടവയാണ്.
ശ്രീമദ്ഭാഗവതം, കാദംബരി, കഥാസാരം, വിക്രമോര്‍വശീയം, ആശ്ചര്യചൂഡാമണി, അഭിജ്ഞാനശാകുന്തളം തുടങ്ങിയ പല സംസ്കൃത ഗ്രന്ഥങ്ങളും ഷേക്സ്പിയറുടെ ഹാംലെറ്റും തമ്പുരാന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്‍റെ തര്‍ജമയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വിഖ്യാത സാഹിത്യസംഭാവന.
18 പര്‍വങ്ങളും 2000 അധ്യായങ്ങളും 12,000 ശ്ളോകങ്ങളും ഉള്‍പ്പെട്ട മഹാഭാരതം തര്‍ജമ ചെയ്തത് വെറും 874 ദിവസം കൊണ്ടാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളകവിതയിലെ വെണ്‍മണി പ്രസ്ഥാനത്തിന്‍റെയും പച്ചമലയാള പ്രസ്ഥാനത്തിന്‍റെയും വികാസത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. "കൊടുങ്ങല്ലൂര്‍ ഭാഷാപോഷിണി സഭ' എന്ന സാഹിത്യ സംഘടനയുടെ രൂപവത്ക്കരണത്തിനും അദ്ദേഹം മുന്‍കൈയെടുക്കുകയുണ്ടായി.