താന്‍ ക്ഷത്രിയനാണ് എന്നാണ് കാക്കനാടന്‍റെ വിശ്വാസം. പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഭരണാധികാരികളായിരുന്ന ക്ഷത്രിയന്മാരായിരുന്നു തന്‍റെ പൂര്‍വ പിതാമഹന്മാര്‍.
അതല്ല പൂഞ്ഞാറില്‍ നിന്നും കാക്കനാട്ടേക്ക് കൊണ്ടുവന്ന വീരസാഹസികന്മാരായിരുന്ന പടയാളികളായിരുന്നു അവരെന്നും വിശ്വസിക്കാന്‍ തരമുണ്ട്. എന്തായാലും യുദ്ധവീര്യത്തിന്‍റെ ഒരു ക്ഷാത്ര തേജസ്സ് തന്‍റെ രക്തത്തിലെവിടെയോ ഓടി നടപ്പുണ്ട്.
ഉഷ്ണമേഖലയും പറങ്കിമലയും എഴുതിയ കാക്കനാടനെ അല്ല ഇന്ന് കാണുക. അദ്ദേഹത്തിന് വാര്‍ദ്ധക്യത്തിന്‍റെ അസ്ക്യതകള്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ അല്‍പം അടക്കവും ഒതുക്കവും വന്നിട്ടുണ്ട്. നീണ്ടു വെളുത്ത മുടി ചീകി ഒടുക്കിയിരിക്കുന്നു. പുകച്ചുരുളുകള്‍ ആ മുഖത്തെ മുഷിപ്പിക്കുന്നില്ല.
കാക്കനാടന്‍ അല്ല കാക്കനാടന്മാര്‍ നാടോടികളായിരുന്നു. പ്രതിഭാശാലികളായ നാടോടികള്‍. അവര്‍ പലയിടത്തു ജ-നിച്ചു. പലയിടത്തു വളര്‍ന്നു. പക്ഷെ പലപ്പോഴുമവര്‍ ഒരുമിച്ചു. ഒത്തു ചേര്‍ന്നാല്‍ പിന്നെ പൂരമാണ്. പാട്ടും അട്ടഹാസവും ബഹളവും വെള്ളമടിയും എല്ലാം ചേര്‍ന്നൊരു പൂരം.
മുന്‍ എം.പി ആയ സോളമന്‍റെ ഭാര്യ അമ്മണിയാണ് കാക്കനാടന്‍ കുടുംബത്തിലെ മൂത്ത ആള്‍. പിന്നെ ഇഗ്നേഷ്യസ് കാക്കനാടന്‍. ജോണ്‍ വര്‍ഗീസ് കാക്കനാടന്‍ മൂന്നാമത്തെ സന്തതിയാണ്.
തമ്പി കാക്കനാടന്‍, ചിത്രകാരനും എസ്തപ്പാനിലെ നായകനുമായ രാജന്‍ കാക്കനാടന്‍, പരേതനായ സഖറിയാസിന്‍റെ ഭാര്യ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. കൂട്ടത്തിലെ ഒരാള്‍ അകാലത്തില്‍ പൊലിഞ്ഞത് കാക്കനാടനെ തെല്ല് വേദനിപ്പിക്കുന്നു.
അമ്മിണിയാണ് ഭാര്യ. കാക്കനാടന് മൂന്ന് മക്കളുണ്ട്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകനെയാണ് മകള്‍ വിവാഹം ചെയ്തത്. മാതൃഭൂമിയിലെ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ പി.എസ്.നിര്‍മ്മല അനന്തരവളാണ്.