എം.ടിയുടെ കൃതികള്‍ അദ്‌ഭുതപ്പെടുത്തിയിട്ടില്ല

FILEFILE

സുഭാഷ് ചന്ദ്രന്‍. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍. സൂക്ഷ്‌മ നിരീക്ഷണം നടത്തുകയാണെങ്കില്‍ എളുപ്പം പിടിതരാത്ത ദ്രാവിഡമായ രൌദ്രതയാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ രൂപപരമായ സവിശേഷത. അതേസമയം വൈഷ്‌ണവ സാത്വികതയില്‍ അധിഷ്‌ഠിതമായ ദയയും അദ്ദേഹത്തിന്‍റെ കൃതികളുടെ അന്തരധാരയില്‍ അടങ്ങിയിരിക്കുന്നു. സുഭാഷ് ചന്ദ്രനുമായി ശ്രീഹരിപുറനാട്ടുകര നടത്തിയ അഭിമുഖത്തില്‍ നിന്ന്...


1 കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും മികച്ച പത്തു കൃതികള്‍ തെരഞ്ഞെടുത്താല്‍ അതില്‍ എം.ടി.വാസുദേവന്‍ നായരുടെ ഒരു കൃതിയും ഉണ്ടാകുകയില്ലെന്ന് താങ്കള്‍ ‘മധ്യേയിങ്ങനെ’യില്‍ എഴുതിയിട്ടുണ്ടായിരുന്നു. താങ്കളെ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് എം.ടി. പിന്നീട്, എപ്പോഴെങ്കിലും എം.ടി. ഇതിനെക്കുറിച്ച് താങ്കളോട് വല്ലതും പറഞ്ഞോ?.

ഇല്ല. എം.ടിയുമായി ഇതു വരെ നേരിട്ട് സംസാരിക്കാന്‍ തന്നെ വളരെക്കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പിന്നെ എം.ടിയുടെ ഒരു കൃതിയും എന്നെ അതിശയിപ്പിച്ചിട്ടില്ല. അതേ സമയം ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള അതിന്‍റെ ഭാവപരമായ മാന്ത്രികതയെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. കാക്കനാടന്‍, മുകുന്ദന്‍ എന്നിവര്‍ ആധുനികത തുടങ്ങുന്നതിന് മുമ്പു തന്നെ എം.ടിയുടെ കൃതികളില്‍ അത് കണ്ടെത്തുവാന്‍ കഴിയും.

ഇറക്കുമതി ചെയ്ത ആശയങ്ങള്‍ കുത്തി നിറച്ച ആധുനികരുടെ കൃതികള്‍ക്ക് ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയാതെ വന്നപ്പോള്‍ എം.ടിക്ക് അത് സാധിച്ചു. അതേ സമയം കഥയുടെ, ഭാഷയുടെ ശക്തിയില്‍ എന്നെ സ്വാധീനിച്ച എഴുത്തുകാരനാണ് ഒ.വി.വിജയന്‍


2 താങ്കളുടെ ‘പറുദീസനഷ്‌ട‘ത്തിന് ഈ കാലഘട്ടത്തില്‍ മികച്ച വായന പ്രതീക്ഷിക്കുന്നില്ലെന്ന് താങ്കള്‍ പറയുകയുണ്ടായി. മലയാളിയുടെ സംവേദനക്ഷമതയില്‍ താങ്കള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയോ?.

തീര്‍ച്ചയായും. മലയാളിയുടെ സംവേദനക്ഷമതയില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം നേടി തന്ന കഥയാണ്’ഘടികാരങ്ങള്‍ നിലയ്‌ക്കുന്ന സമയം’ . ഇപ്പോഴും ആ കഥയുടെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്.

അതിലും എത്ര പക്വമായ കഥയാണ് ‘പറുദീസ നഷ്‌ടം’. അമ്മയുടെ ഗര്‍ഭപാത്രം പരിശോധനക്ക് കൊണ്ടു പോകുമ്പോള്‍ മറന്നുവെക്കുന്ന ഒരു വ്യക്തിയുടെ കഥമാത്രമായി ചുരുക്കി ഈ കൃതി വായിക്കപ്പെടുമ്പോള്‍ എനിക്ക് മലയാളിയുടെ സംവേദനക്ഷമതയില്‍ സംശയം തോന്നുന്നു.

ഇവിടെ കഥാകൃത്ത് മരിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ കൃതിയിലെ സ്റ്റഫ് കണ്ടെത്തും. ഒരു പക്ഷെ എന്‍റെ മരണ ശേഷം ‘പറുദീസനഷ്‌ട‘ത്തിന് നല്ല വായനക്കാര്‍ ഉണ്ടായേക്കാം.

3 ‘ ഒരേ കടല്‍ ‘ കണ്ടോ?

ഇല്ല.

4 വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല.

എനിക്ക് ഇപ്പോള്‍ വിഷമമൊന്നുമില്ല. ആ വിഷയത്തെക്കുറിച്ച് ഞാന്‍ ലേഖനമെഴുതിയിരുന്നു. അതോടെ വിഷമമെല്ലാം പോയി.

5 എടയ്‌ക്കല്‍ ഗുഹ പശ്ചാത്തലമായിട്ട് ഒരു കഥ മനസ്സിലുണ്ടെന്ന് പറഞ്ഞിരുന്നു. അത് എവിടെ വരെയായി?

ഞാനത് എഴുതി തുടങ്ങിയിട്ടില്ല

6 റെറ്റേഴ്‌സ് ബ്ലോക്കാണോ?

അല്ല. അതില്‍ ഉപയോഗിക്കേണ്ട ഭാഷയാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. തീ കണ്ടു പിടിക്കുന്നതിനു മുമ്പ് ജീവിച്ചിരുന്ന പല പുലികളെ കൊന്ന രാജാവ് എടയ്‌ക്കല്‍ ഗുഹയില്‍ കിടക്കുമ്പോള്‍ എന്നോട് സംസാരിക്കുന്നതായി തോന്നി. ഇതില്‍ നിന്നാണ് ഈ കഥ എഴുതണമെന്ന് എനിക്ക് തോന്നിയത്.

പക്ഷെ, തീ കണ്ടുപിടിക്കുന്നതിന് മുമ്പ് ജീവിച്ചിരുന്ന പല പുലികളെ കൊന്ന രാജാവിന്‍റെ ഭാഷ എന്തായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.

7 നമ്മുടെ പെണ്ണെഴുത്ത് ഇപ്പോഴും രതിയില്‍ മാത്രം ചുറ്റി കറങ്ങുകയാണല്ലോ?. സ്‌ത്രീകള്‍ അനുഭവിക്കുന്ന വേറെ ഒരു പാട് വിഷയങ്ങള്‍ ഇല്ലേ?

കഥയെഴുത്ത് രതിയില്‍ മാത്രം ചുറ്റി തിരിഞ്ഞാല്‍ കൂടുതല്‍ വായനക്കാരെ കിട്ടുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണ. കാലം കുറച്ചു കഴിയുമ്പോള്‍ രതി മാത്രമല്ല ജീവിതമെന്ന് അവര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം

8 മലയാളത്തിലെ വിമര്‍ശകരെ എങ്ങനെ കാണുന്നു?

ഞാന്‍ ഒരു സംഭവം പറയാം. എന്‍റെ ഒരു കഥ‘ ഇന്ത്യാ ടുഡേ‘യില്‍ പ്രസിദ്ധീകരിച്ചു വന്ന സമയം. ഒരു ദിവസം ഞാന്‍ തൃശൂര്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ വെച്ച് മലയാളത്തിലെ ഒരു വിമര്‍ശകനെ കണ്ടു. ഞാന്‍ അദ്ദേഹത്തോട് കഥ പ്രസിദ്ധീകരിച്ചു വന്ന കാര്യം പറഞ്ഞു. ‘ഈയിടെയായി ഇന്ത്യാ‌ടുഡേ‘യുടെ നിലവാരം കുറഞ്ഞു വരികയാണ്’. അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു. വേറൊന്നു കൂടി അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിന്ന് പുറത്തിറങ്ങുന്ന ‘സുകൃതം‘ ഇപ്പോള്‍ നന്നായി വരുന്നുണ്ട്’.

ഈ തരത്തില്‍ അസഹിഷ്‌ണുത നിറഞ്ഞ സമീപം പുലര്‍ത്തുന്ന വിമര്‍ശകര്‍ സാഹിത്യത്തിന് എന്ത് ഗുണമാണ് ചെയ്യുക?

9 താങ്കളുടെ ജീവിതത്തില്‍ രണ്ട് തവണ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടത്തെക്കുറിച്ച് കഥയെഴുതാന്‍ ആലോചിച്ചിട്ടുണ്ടോ?.

ഇല്ല.പിന്നെ പ്രത്യേകിച്ച് ഒരു കാരണം മൂലമല്ല വിഷാദരോഗം എന്നെ ബാധിച്ചത് . അത് എന്നില്‍ ഉണ്ടെന്ന് തോന്നുന്നു. എന്‍റെ എല്ലാ കഥകഅളും വിഷാദത്തിന്‍റെ അംശം ഉള്‍ക്കൊള്ളുതാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :