കാവ്യബിംബങ്ങള്‍ അനുഭവങ്ങളുമായി

WEBDUNIA|
അധ്യാപന വൃത്തിയില്‍ നിന്നും വിരമിച്ച പ്രമുഖ കവി വി . മധുസൂദനന്‍ നായരുമായി വിദ്യാര്‍ഥികളായ രജ-ിതയും അനുജ-യും നടത്തിയ അഭിമുഖം.

സ ാഹിത്യരംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?

ഏതൊരു എഴുത്തുകാരനും എന്ന പോലെ ബാല്യകാലത്തുണ്ടാകുന്ന കൗതുകങ്ങള്‍, അക്ഷരത്തോടു തോന്നുന്ന അദൃശ്യമോ അവാച്യമോ ആയ പ്രിയം, ജീവിതത്തൊടു തോന്നുന്ന പ്രിയം, ചില സങ്കല്‍പ കൗതുകങ്ങള്‍. ഇതൊക്കൈക്കൊണ്ട് ബാല്യകാലം തൊട്ട് സാഹിത്യം ഒരു ആനന്ദമായിരുന്നു. സാഹിത്യം ഒരു കര്‍മ്മമായിരുന്നു.

ആദ്യത്തെ കവിത ?

ആദ്യത്തെ കവിതകള്‍ .. അവയെ കവിതയെന്നു വിളിക്കാമോ എന്നെനിക്ക് സംശയമുണ്ട്. ആദ്യത്തേത് കുസൃതികള്‍. അങ്ങനെ ഒരു ഏഴാം ക്ളാസ്സ്, എട്ടാം ക്ളാസ്സ് കാലത്തൊക്കെ കുറെ എഴുതിയിട്ടുണ്ട്. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് കുറച്ച് തൃപ്തികരമായ രീതിയില്‍ രചനകള്‍ നടത്തിയെന്നാണ് എന്‍റെ ഓര്‍മ്മ.

ആദ്യമായി പ്രസിദ്ധീകരിച്ചത്?

പ്രസാധനത്തിനെക്കുറിച്ച് അധികം ഞാന്‍ ശ്രദ്ധവച്ചിട്ടില്ല. ആദ്യമായിട്ട് പ്രസിദ്ധീകരിച്ചത് കുങ്കുമം വാരികയില്‍ 'നിദ്രേ നിദ്രേ' എന്നൊരു കവിത ആയിരിക്കണം. പിന്നെയും ഏറെക്കാലം പ്രസിദ്ധീകരണം എന്ന താത്പര്യമൊന്നുമില്ലാതെ എന്തെങ്കിലും അക്ഷരക്കുറിമാനങ്ങള്‍ നടത്തികൊണ്ടിരുന്നെന്നേയുള്ളു.

വിദ്യാഭ്യാസകാലത്തെ ഒന്നനുസ്മരിക്കാമോ ?

എന്‍റെ വിദ്യാഭ്യാസകാലം ഇന്നത്തെ കാലത്തേക്കാള്‍ കുറെക്കൂടെ വരണ്ടതും കുറേക്കൂടെ ഗ്രാമീണവും കുറെക്കൂടെ കൃത്രിമത കുറഞ്ഞതുമായിരുന്നു. സഹജ ജീവിതവും വിദ്യാഭ്യാസവും പരസ്പരം പൊരുത്തപ്പെട്ടു പോകുന്ന കാലമായിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു യാന്ത്രിക വിദ്യാഭ്യാസവും സാമ്പത്തിക ഭാരം വളരെയുള്ള വിദ്യാക്ളേശവും അന്ന് അധികമുണ്ടായില്ല.

എങ്കിലും ഇന്ന് പറയുന്നതുപോലെ വിദ്യാഭ്രാന്ത് അന്നില്ലായിരുന്നെങ്കിലും വിദ്യാഭ്യാസ കൗതുകമുള്ളവര്‍ക്ക് ഉന്നതമായ കോഴ്സുകളൊക്കെ പഠിച്ചു പാസാകാന്‍ വളരെ ബുദ്ധിമുട്ടു തന്നെയായിരുന്നു. കാരണം ഇന്നത്തെ പണത്തിന്‍റെ പെരുപ്പം നോക്കിയാല്‍ അന്ന് ആളുകള്‍ക്ക് നാണയം കുറവായിരുന്നു. ബാങ്ക് ലോണും ഇല്ലായിരുന്നു. സൗജന്യങ്ങളും കുറവായിരുന്നു.

അതുകൊണ്ട് ഞാന്‍ ഫീസ് കൊടുത്തും കൊടുക്കാതെയും കഴിഞ്ഞും കഴിയ്ക്കാതെയും പുസ്തകം വാങ്ങിച്ചും വാങ്ങിയ്ക്കാതെയുമൊക്കെയാണ് പഠിച്ചത്. അന്നത് ത്യാഗമൊന്നുമല്ല.

25 വര്‍ഷത്തെ അദ്ധ്യാപനത്തിനു ശേഷം ഈ അടുത്തിടെ വിരമിച്ചല്ലോ. അദ്ധ്യാപകനെന്ന നിലയില്‍ ഉള്ള കുറച്ച് ഓര്‍മ്മകള്‍ ?

അദ്ധ്യാപകനെന്ന നിലയിലുള്ള ഓര്‍മ്മകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ കുറിച്ചാണ്. അവരുടെ ശ്രേയസ്സും അവരുടെ വിഷമവുമില്ലാമാണ് എന്‍റെ ഓര്‍മ്മകള്‍. ഒരിക്കലും ക്ളാസ്സില്‍ ഒരു അദ്ധ്യാപകനായിരിക്കാതെ വേറെ എന്തെങ്കിലുമാകാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല.

അദ്ധ്യാപന ജീവിത കാലത്തു മുഴുവന്‍ ഇപ്പോഴെന്ന പോലെ അദ്ധ്യാപകനായിത്തന്നെ തുടര്‍ന്നു. അതുകൊണ്ട് ഒരു കുട്ടിയോടും നീരസം ഉണ്ടായില്ല.

ഒരു നിമിഷവും പഠിപ്പിക്കുന്നതില്‍ അലംഭാവവും വന്നിട്ടില്ല. മാത്രമല്ല, ഇന്ന് വളരെ ചാര്‍താര്‍ത്ഥ്യവുമുണ്ട്. ഇപ്പോള്‍ എവിടെപ്പോയാലും നമ്മുടെ കുട്ടികള്‍ സ്നേഹത്തോടെ പരിഗണിക്കുന്നു. എന്നുവച്ചാല്‍ നമ്മുടെ കര്‍മ്മത്തില്‍ എന്തെങ്കിലും സഫലത വന്നിട്ടുണ്ടെന്നാണ് ഊഹിക്കേണ്ടത്.

പഠിപ്പിച്ച് പാഠ്യഭാഗം തീര്‍ത്ത് പരീക്ഷയ്ക്ക് തയ്യാറാക്കിവിടുക എന്നത് മാത്രമല്ല എന്‍റെ ജോലിയായിരുന്നത്, ഞാനെന്‍റെ കര്‍ത്തവ്യമായിട്ടെടുത്തിരുന്നത്. ഓരോ ആളിലുമുള്ള നന്മയെ വളര്‍ത്തുക, സര്‍"ശക്തിയെ വളര്‍ത്തുക, അവരിലുള്ള വ്യക്തിത്വത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക. അതുകൊണ്ട് പൊല്ലാത്തവരെന്നു കരുതപ്പെട്ടിരുന്ന കുട്ടികള്‍ പോലും നല്ലവരാണെന്നു മനസ്സിലാക്കാനും സ്ഥാപിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്.

അദ്ധ്യാപനത്തിലേക്ക് വരാനുള്ള കാരണം?

അതിഷ്ടമായിരുന്നു. എന്തുകൊണ്ടായിഷ്ടം എന്നു ചോദിച്ചാല്‍ എനിക്ക് എന്നെത്തന്നെ നന്നാക്കാന്‍ അദ്ധ്യാപനം പോലെ നല്ലൊരു ജോലിയില്ല. ജോലിയെന്നല്ല പറയേണ്ടത് കര്‍മ്മം എന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :