കെ ആർ അനൂപ്|
Last Modified ശനി, 19 ഡിസംബര്‍ 2020 (23:38 IST)
ആദ്യമായി 100 കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രം ദൃശ്യത്തിന് 7 വയസ്സ്. 2013 ഡിസംബർ 19-ന് തിയേറ്ററുകളിലെത്തിയ ജോർജുകുട്ടിയും കുടുംബവും രണ്ടാം വരവിനായി ഒരുങ്ങി നിൽക്കുകയാണ്. തിയറ്ററുകൾ തുറന്നാൽ ആദ്യം റിലീസിനെത്തുന്ന ചിത്രമായിരിക്കും ദൃശ്യം 2. ഇപ്പോൾ ആദ്യഭാഗത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദൃശ്യത്തിൻറെ ഏഴാം വാർഷികം ആഘോഷമാക്കുകയാണ് അൻസിബ ഹസ്സൻ. നടിയുടെ ഉൾപ്പെടെ നിരവധി താരങ്ങളുടെ കരിയറിന് ബ്രേക്ക് നൽകിയ ചിത്രം കൂടി ആയിരുന്നു ഇത്.
ദൃശ്യം 2ൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേർത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സർപ്രൈസാണ് ആരാധകർക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.
മോഹൻലാലിനെ കൂടാതെ മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.