3 പടങ്ങള്‍ തുടര്‍ച്ചയായി പൊട്ടി, ഒടുവില്‍ പണക്കിലുക്കവുമായി ഒരു മോഹന്‍ലാല്‍ ചിത്രം!

കോടികള്‍ കിലുങ്ങിയ മോഹന്‍ലാല്‍ ചിത്രം!

Kilukkam, Priyadarshan, Mohanlal, Revathy, Jagathy, Mammootty,  കിലുക്കം, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, രേവതി, ജഗതി, മമ്മൂട്ടി, സുരേഷ്ഗോപി, തച്ചങ്കരി Sureshgopi, Thachankari,
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (21:14 IST)
പ്രിയദര്‍ശന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ്. സമീപകാലത്തായി അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകള്‍ വേണ്ടത്ര ശ്രദ്ധ നേടുന്നില്ലെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കറായാണ് പ്രിയന്‍ വിലയിരുത്തപ്പെടുന്നത്.

1988ല്‍ അഞ്ച് സിനിമകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്. ഒരു മുത്തശ്ശിക്കഥ, വെള്ളാനകളുടെ നാട്‌, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യന്‍, ചിത്രം എന്നിവയായിരുന്നു ആ സിനിമകള്‍. ഇതില്‍ മുത്തശ്ശിക്കഥ ഒഴികെ മറ്റ് ചിത്രങ്ങളെല്ലാം മെഗാഹിറ്റായി. ‘ചിത്രം’ എന്ന സിനിമ ഒരു വര്‍ഷത്തോളം തിയേറ്ററുകളില്‍ നിറഞ്ഞോടി ചരിത്ര വിജയം കുറിച്ചു.

എന്നാല്‍ അതിന് ശേഷം പ്രിയന് മോശം സമയം തുടങ്ങി. 1989ല്‍ പ്രിയന്‍ സംവിധാനം ചെയ്ത വന്ദനം, കടത്തനാടന്‍ അമ്പാടി, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകള്‍ ബോക്സോഫീസില്‍ മൂക്കുകുത്തി. മലയാള സിനിമ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് പ്രിയന്‍ തമിഴിലേക്കും തെലുങ്കിലേക്കും പോയി. അതിന് ശേഷം 1991ലാണ് പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആ സിനിമയായിരുന്നു ‘കിലുക്കം’.

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നിറമുള്ള ഒരോര്‍മ്മയാണ് കിലുക്കം. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ഒരു റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്നര്‍. റോമന്‍ ഹോളിഡേ എന്ന അമേരിക്കന്‍ റൊമാന്‍റിക് കോമഡിച്ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ കിലുക്കം സൃഷ്ടിച്ചത്. വേണു നാഗവള്ളിയാണ് കിലുക്കത്തിന് തിരക്കഥ രചിച്ചത്.

1991ലെ ഹൈയസ്റ്റ് ഗ്രോസര്‍ സിനിമയായിരുന്നു കിലുക്കം. മാത്രമല്ല, ഇപ്പോഴും ടിവിയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള ചിത്രം കൂടിയാണ് ഇത്. ആദ്യമായി ഒരു മലയാള സിനിമയുടെ കളക്ഷന്‍ അഞ്ചുകോടി കടന്നതും കിലുക്കത്തിലൂടെയാണ്. ഈ സിനിമയിലെ മോഹന്‍ലാല്‍ - ജഗതി - തിലകന്‍ - ഇന്നസെന്‍റ് - രേവതി ടീമിന്‍റെ ഗംഭീര കോമഡി രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കിയതാണ്. കിലുക്കം പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും കിലുക്കം മികച്ച നേട്ടമുണ്ടാക്കി. മികച്ച നടനുള്ള പുരസ്കാരം മോഹന്‍ലാലിന് ലഭിച്ചു. രണ്ടാമത്തെ നടനായി ജഗതിയും മികച്ച ഗായകനായി എം ജി ശ്രീകുമാറും ഛായാഗ്രാഹകനായി എസ് കുമാറും എഡിറ്ററായി എന്‍ ഗോപാലകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.

300 ദിവസങ്ങളാണ് കേരളത്തില്‍ കിലുക്കം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ എസ് പി വെങ്കിടേഷ് ഈണമിട്ട ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റുകളായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :