Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (19:25 IST)
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കഥയാണ്. അതായത് 1989ലെ കഥ. സത്യന്‍ അന്തിക്കാട് ‘മഴവില്‍ക്കാവടി’ എന്ന സിനിമ ചിത്രീകരിക്കുന്ന സമയം. നായകന്‍ ജയറാമാണ്. രഘുനാഥ് പലേരിയുടെ ഒന്നാന്തരം തിരക്കഥ. പടം സൂപ്പര്‍ഹിറ്റാകുമെന്ന് ചിത്രീകരണസമയത്തുതന്നെ ഏവരും ഉറപ്പിച്ച സിനിമ.
ഒരു പ്രത്യേക സീന്‍ ചിത്രീകരിക്കുമ്പോള്‍ ജയറാമിന്‍റെ പ്രകടനത്തില്‍ സത്യന്‍ അന്തിക്കാടിന് അത്ര തൃപ്തി തോന്നിയില്ല. ആ സീന്‍ ആവര്‍ത്തിച്ച് ഷൂട്ട് ചെയ്തു. എന്നാല്‍ സത്യന്‍ വിചാരിച്ചതുപോലെ വരുന്നില്ല. ടേക്കുകള്‍ ഒരുപാടായപ്പോള്‍ സത്യന്‍ അന്തിക്കാടിനെ ജയറാം രഹസ്യമായി വിളിച്ച് മാറ്റിനിര്‍ത്തി.
എന്നിട്ടുപറഞ്ഞു - “ഞാന്‍ മോഹന്‍ലാല്‍ അല്ല”. പകുതി കളിയായും പകുതി കാര്യമായുമുള്ള ജയറാമിന്‍റെ മറുപടികേട്ട് സത്യന്‍ അന്തിക്കാടിന് ചിരി അടക്കാന്‍ കഴിഞ്ഞില്ലെന്നാണ് അണിയറ സംസാരം.
എന്തായാലും മഴവില്‍ക്കാവടി പുറത്തിറങ്ങി. വമ്പന്‍ ഹിറ്റുമായി. ജയറാമിന്‍റെയും ഇന്നസെന്‍റിന്‍റെയും ഉര്‍വശിയുടേയും എന്തിന് മീശയില്ലാ വാസുവായി അഭിനയിച്ച പറവൂര്‍ ഭരതന്‍റെ വരെ പ്രകടനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.