വിടവാങ്ങിയത് വാക്കുകളുടെ അനന്തമൂര്‍ത്തി

യു ആര്‍ അനന്തമൂര്‍ത്തി, മഹാത്മഗാന്ധി സര്‍വകലാശാല, എംടി, എഴുത്തുകാര്‍
വി ഹരികൃഷ്‌ണന്‍| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (19:20 IST)
യു ആര്‍ അനന്തമൂര്‍ത്തി എന്ന പേരിനെ വാക്കുകളുടെ അനന്തമൂര്‍ത്തിയെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. കാരണം വാക്കുകളുമായി മരണം വരെ അദ്ദേഹം പ്രണയത്തിലായിരുന്നു. വിമര്‍ശനത്തിലാണെങ്കിലും എഴുത്തിലാണെങ്കിലും തന്റേതായ അഭിപ്രായത്തെ എന്നും ധീരമായി രേഖപ്പെടുത്തിയിരുന്നു അനന്തമൂര്‍ത്തിയെന്ന അക്ഷരസ്നേഹി. അവസാന നാളില്‍ രോഗാതുരമായ അവസ്ഥയിലായിരുന്നു മോഡിക്കെതിരേയുള്ള വിമര്‍ശനം. പല കോണുകളില്‍‌നിന്നും ഭീഷണികള്‍ വന്നപ്പോഴും കുലുങ്ങിയില്ല ആ സാഹിത്യകാരന്‍.

നോവല്‍, ചെറുകഥ, വിമര്‍ശനം, കവിത എന്നീ സാഹിത്യശാഖകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരളവുമായി വളരെയധികം ആത്മബന്ധവും അക്ഷരബന്ധവും അനന്തമൂര്‍ത്തിക്കുണ്ട്. മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്നു. അന്ന് അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് സര്‍വകലാശാലയെ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നാക്കി മാറ്റിയത്. ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് ആ സര്‍വകലാശാലയെ അദ്ദേഹം നോക്കി കണ്ടിരുന്നത്. രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലറായ കാലത്ത് കുറച്ചു ദിവസം സര്‍വകലാശാലയില്‍ താമസിച്ചതും ഈ സ്നേഹം മൂലമായിരുന്നു. മറ്റൊന്ന് എംടിയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധമായിരുന്നു.

യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചത് എംടിയെന്ന മഹാവൃക്ഷമാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുമായിരുന്നു. മാതൃഭൂമിയില്‍ യുവ എഴുത്തുകാ‍ര്‍ വളര്‍ന്നു വന്നത് എംടിയെന്ന പത്രാധിപരുടെ കൈ പിടിച്ചായിരുന്നുവെന്ന് അനന്തമൂര്‍ത്തി വീക്ഷിച്ചിരുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലയും പ്രകൃതിയുമെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.

വൃക്ക രോഗം ബാധിച്ച് ദിവസവും മൂന്നു നേരം ഡയാലിസിസ് ചെയ്യുമ്പോള്‍പോലും അദ്ദേഹത്തിന്റെ ദൈനംദിന ജീവിതക്രമങ്ങള്‍ താളംതെറ്റിയിരുന്നില്ല. എഴുത്തും വായനയും എപ്പോഴും കൊണ്ടുനടക്കുന്നു എന്ന അഭിമാനബോധം ഒരു ഡയാലിസിസിനും തോല്‍പ്പിക്കാനാവാത്തവിധം അദ്ദേഹത്തെ നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യനാക്കി മാറ്റിയിരുന്നു. പ്രായവും രോഗവും നമ്മുടെ ശരീരത്തെ തളര്‍ത്തിയേക്കാം. പക്ഷേ മനസിനെയും ചിന്തകളെയും ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21-ന് ജനനം. ദൂര്‍‌വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും ഇംഗ്ലണ്ടില്‍ നിന്നും തുടര്‍ പഠനവും നേടി.

'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. ബ്രാഹ്മണസമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെ വിമര്‍ശിക്കുന്ന സംസ്ക്കാരയ്ക്ക് 1970-ല്‍ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഈ കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തിനും ദേശീയ പുരസ്ക്കാരം ലഭിച്ചു. ഘടശ്രാദ്ധ, ബാര, അവസ്ഥെ, ഹദിനൈദു പദ്യഗളു, പ്രശ്നെ, പരിസര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യേറ്റ്സിന്റെ 17 കവിതകള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹദിനൈദു പദ്യഗളു, വാവല്‍ എന്നിവയാണ് കവിതാ സമാഹാരങ്ങളില്‍ ചിലത്. ആവാഹനേ എന്ന നാടകവും രചിച്ചിട്ടുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമിയുടെ ചെറുകഥാ അവാര്‍ഡ് (1983), സാഹിത്യ പ്രതിഭയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്ക്കാരം (1984) തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അനന്തമൂര്‍ത്തിയുടെ കൃതികള്‍ വിദേശഭാഷകളുള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും തര്‍ജമ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :