വരുന്നൂ ഹാഫ് ഗേള്‍ഫ്രണ്ട്, ചേതന്‍ ഭഗത്തിന്‍റെ പുതിയ നോവല്‍!

ചേതന്‍ ഭഗത്, ഹാഫ് ഗേള്‍ഫ്രണ്ട്, നോവല്‍, റെവല്യൂഷന്‍ 2020, 2 സ്റ്റേറ്റ്സ്
Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:06 IST)
ഹരി, നേഹ.
ശ്യാം, പ്രിയങ്ക.
ഗോവിന്ദ്, വിദ്യ.
ക്രിഷ്, അനന്യ.
ഗോപാല്‍, ആര്‍തി.


ഇനി വരുന്ന ജോഡി ആര്? ചോദ്യത്തിന് ഉത്തരം ലഭിച്ചു. ഇന്ന്, ഓഗസ്റ്റ് അഞ്ച്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

വരാന്‍ പോകുന്ന ജോഡി - മാധവ്, റിയ !

അതേ, ചേതന്‍ ഭഗത്തിന്‍റെ പുതിയ നോവലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ ജോഡിയും പ്രണയത്തിലാണോ? അതിന്‍റെ ഉത്തരം പുസ്തകത്തിന്‍റെ പേരില്‍ തന്നെയുണ്ട്.

ഹാഫ് ഗേള്‍ഫ്രണ്ട് !

ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ഈ നോവല്‍ ഫ്ലിപ് കാര്‍ട്ട് വഴി മുന്‍‌കൂര്‍ ബുക്ക് ചെയ്യാം. ഇളവ് കഴിഞ്ഞ് 149 രൂപയ്ക്ക് പുസ്തകം കൈയില്‍ കിട്ടും.

"ബീഹാറി പയ്യനാണ് നായകനായ മാധവ്. അവന് റിയ എന്ന പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ മാധവിന് കഴിയില്ല. എന്നാല്‍ റിയ ഇംഗ്ലീഷില്‍ മിടുക്കിയാണ്. മാധവ് അവളുമായി ഒരു പ്രണയബന്ധം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് അതുവേണ്ട. അവള്‍ ഒരു സൌഹൃദം മാത്രമാണ് അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിന് അവനും തയ്യാറല്ല. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന രീതിയില്‍ അവള്‍ ഒരു നിര്‍ദ്ദേശം വച്ചു - അവന്‍റെ ഹാഫ് ഗേള്‍ഫ്രണ്ട് ആകാന്‍ സമ്മതം! "

വ്യത്യസ്തമായ ഈ കഥയാണ് ഹാഫ് ഗേള്‍ഫ്രണ്ടിന്‍റേത്. ഇന്നത്തെ ലോകത്തെ ബന്ധങ്ങളുടെ ഒരു പുതിയ തലമാണ് താന്‍ ഈ നോവലിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് ചേതന്‍ ഭഗത് അറിയിച്ചു.

ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം നേടിയ ബോളിവുഡ് ചിത്രം 'കിക്ക്' രചിച്ചത് ചേതന്‍ ഭഗത്താണ്. എന്നാല്‍ എത്രകോടി ലാഭം കിട്ടുന്ന സിനിമകള്‍ ചെയ്താലും ലഭിക്കാത്ത സംതൃപ്തിയാണ് തനിക്ക് നോവലുകള്‍ തരുന്നതെന്ന് ചേതന്‍ പറയുന്നു.

"ലൈറ്റുകളില്ല. മേക്കപ്പില്ല. സംഗീതമില്ല. കോസ്ട്യൂംസ് ഇല്ല. കോടികളുടെ സെറ്റുകള്‍ ഇല്ല. ലൊക്കേഷനുകള്‍ ഇല്ല. സുന്ദരികളും സുന്ദരന്‍‌മാരുമായ താരങ്ങളില്ല. വമ്പന്‍ ബജറ്റില്ല. ഉള്ളത് മഴിയും പേപ്പറും മാത്രം. ഒരു സിനിമയ്ക്കും ഒരു സ്പെഷ്യല്‍ ബുക്ക് നല്‍കുന്ന സന്തോഷത്തിനരികെ എത്താനാവില്ല. ലോകത്തിലെ ഏത് സ്ക്രീനും നമ്മുടെ ഭാവനയോളമെത്തില്ല" - ചേതന്‍ ഭഗത് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :